കെഎസ്ആർടിസിയിൽ ഇനി സ്മാർട്ട് പേയ്മെന്റ്
ടിക്കറ്റ് പണം ഓൺലൈനായി അടയ്ക്കാം
പുതിയ സംവിധാനത്തെ കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക
ഇത് ഡിജിറ്റൽ കാലമല്ലേ! കൊച്ചു പീടികകൾ മുതൽ ഷോപ്പിങ് മാളുകൾ വരെ ഓൺലൈൻ പെയ്മെന്റിലേക്ക് തിരിഞ്ഞു. എന്നിട്ടും, ചില്ലറപ്പൈസയ്ക്ക് വേണ്ടി കണ്ടക്റ്ററോട് തർക്കിച്ച് നമ്മൾ മാത്രമെന്തിന് സമയം പാഴാക്കണം?
Surveyഅതെ, കേരളത്തിന്റെ സ്വന്തം ആനവണ്ടിയും ഫോൺപേയിലേക്ക് മാറിക്കഴിഞ്ഞു. ടിക്കറ്റെടുക്കാൻ ചില്ലറപ്പൈസയും തുട്ടുകളും നുള്ളിപ്പെറുക്കി യാത്രക്കാർ ഇനി കഷ്ടപ്പെടേണ്ട. സ്റ്റോപ്പ് എത്താറാകുമ്പോൾ തിക്കിനും തിരക്കിനുമിടയിൽ ബാലൻസ് പൈസ വാങ്ങാൻ കണ്ടക്റ്ററിനെ ശല്യപ്പെടുത്തുകയും വേണ്ട.
കെഎസ്ആർടിസിയിൽ ടിക്കറ്റിന് ഓൺലൈൻ പേ
ഇനി മുതൽ കെഎസ്ആര്‍ടിസി (KSRTC) ബസില്‍ ഫോണ്‍പേയിലൂടെ ടിക്കറ്റ് തുക അടയ്ക്കാം. ഈ പുതിയ സംവിധാനം ബുധനാഴ്ച മുതല്‍ നിലവില്‍ വന്നു. ടിക്കറ്റ് തുക എത്രയെന്ന് കണ്ടക്റ്റർ അറിയിക്കുമ്പോൾ ബസിനുള്ളില്‍ ഒട്ടിച്ചിരിക്കുന്ന ക്യൂ ആര് കോഡ് സ്കാന്‍ ചെയ്യുക. ടിക്കറ്റ് തുക അടയ്ക്കുക. ഈ പേമെന്റ് പ്രക്രിയ പൂർത്തിയായി കഴിഞ്ഞാൽ ഫോൺപേ (PhonePe)യിലെ മെസേജ് കണ്ടക്ടറെ ബോധ്യപ്പെടുത്തുക. സംഗതി സിമ്പിൾ…
ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ സേവനവും യാത്രയും നൽകുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്ആർടിസി ഈ പദ്ധതിയ്ക്ക് തുടക്കമിട്ടത്.
പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഗതാഗതി മന്ത്രി ആന്റണി രാജു നിർവഹിച്ചു. ബുധനാഴ്ച മുതൽ സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളിൽ ഫോൺ പേ ടിക്കറ്റ് പേയ്മെന്റ് (PhonePe ticket payment) ആരംഭിക്കുകയും ചെയ്തു.
കൂടുതൽ ടെക്- വാർത്തകൾ: Jioയുടെ 5G സേവനം തിരുവനന്തപുരത്തും എത്തി
എല്ലാം ഡിജിറ്റലായ സ്ഥിതിയ്ക്ക് കൈയിൽ കറൻസി നോട്ടുകൾ കരുതുന്നവർ വളരെ വിരളമാണ്. എന്തെങ്കിലും അത്യാവശ്യത്തിന് കെഎസ്ആർടിസി ബസുകളിൽ യാത്ര ചെയ്യേണ്ടിവന്നാൽ കൈയിൽ പണമില്ലെന്നത് ഇനി പ്രശ്നമല്ല. ഇതിന് പുറമെ നിരവധി പദ്ധതികൾ കെഎസ്ആർടിസി നടപ്പിലാക്കുന്നുണ്ട്. സിറ്റി റൈഡ്, ഗ്രാമവണ്ടി, ബഡ്ജറ്റ് ടൂറിസം, സിറ്റി സർക്കുലർ സർവ്വീസ്, യാത്രാ ഫ്യൂവൽസ്, സ്വിഫ്റ്റ് ഗജരാജ് സ്ലീപ്പർ, സ്ലീപ്പർ ബസുകൾ, ഷോപ്പ് ഓൺ വീൽസ്, ആധുനിക ബസ് ടെർമിനലുകൾ, ബസ് ബ്രാൻഡിംഗ്, ബൈപ്പാസ് റൈഡർ, ട്രാവൽ കാർഡ് എന്നിങ്ങനെ നിരവധി നൂതന സംരഭങ്ങൾ കെഎസ്ആർടിസി കൊണ്ടുവരുന്നുണ്ട്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile