10% നിരക്ക് വർധനവിനൊരുങ്ങി ടെലികോം കമ്പനികൾ

Updated on 09-Jan-2023
HIGHLIGHTS

2025 വരെ എല്ലാ വർഷവും തുടർച്ചയായി ടെലികോം കമ്പനികൾ 10 ശതമാനം നിരക്ക് വർധനവ് കൊണ്ടുവരാൻ സാധ്യത

2019ലെയും 2021ലെയും വർധനവിനേക്കാൾ ഇത് കുറവായിരിക്കും

ടെലികോം കമ്പനികൾ താരിഫ് വർധിപ്പിക്കുന്നതിലെ കാരണം അറിയാം

രാജ്യത്തെ ടെലികോം (telecom) ഓപ്പറേറ്റർമാർ ഈ സാമ്പത്തിക വർഷാവസാനത്തോടെ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് പ്ലാനുകൾ വർധിപ്പിക്കും. 10 ശതമാനമാണ് ടെലികോം കമ്പനികൾ നിരക്ക് ഉയർത്തുക. 2023 ജൂണിൽ അ‌വസാനിക്കുന്ന FY (സാമ്പത്തിക വർഷം) 23ന്റെ അ‌വസാന പാദത്തിലോ, 2023 മാർച്ചിലോ പുതിയ താരിഫുകൾ അവതരിപ്പിക്കാൻ സാധ്യതയുണ്ട്.

അടുത്തിടെ ഭാരതി എയർടെൽ (Airtel) 99 രൂപയുടെ പ്ലാൻ പിൻവലിക്കുകയും, പകരം 155 രൂപയുടെ അടിസ്ഥാന പാക്കേജ് അവതരിപ്പിക്കുകയും ചെയ്തിരുന്നു. കൂടാതെ, ഇന്ത്യയിൽ 5G സേവനങ്ങൾ അവതരിപ്പിച്ചതിനാൽ റിലയൻസ് ജിയോയും താരിഫ് നിരക്ക് വർധിപ്പിക്കാൻ സാധ്യതയുണ്ട്. മാത്രമല്ല, 2025 വരെ എല്ലാ വർഷവും തുടർച്ചയായി ടെലികോം കമ്പനികൾ 10 ശതമാനം നിരക്ക് വർധനവ് കൊണ്ടുവരുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ടെലികോം കമ്പനികളുടെ വരുമാനം കുറയുന്നതും എആർപിയു മുരടിക്കുന്നതും നിരക്ക് വർധനവിന് കാരണമാണെന്ന് പറയുന്നു. 

എയർടെല്ലും ജിയോയും താരിഫ് വർധിപ്പിക്കുന്നു

മൊബൈൽ കമ്പനികൾ താരിഫ് 10 ശതമാനം വർധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്നു. ഇത് 2019ലെയും, 2021ലെയും വർധനവിനേക്കാൾ കുറവായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, എയർടെൽ 2023 മാർച്ചോടെ താരിഫുകൾ ഉയർത്തുമെന്നും 2025 സാമ്പത്തിക വർഷാവസാനം വരെ വർധനവ് തുടരുമെന്നും റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. അതായത് ഓരോ 12 മാസത്തിലും വർധനവ് ഉണ്ടാകും.

എന്നിരുന്നാലും, ടെലികോം സേവനങ്ങൾ ഒരു അടിസ്ഥാന ആവശ്യമായി മാറിയതിനാൽ ഇത് ഉപഭോക്താക്കൾക്ക് വലിയ പ്രശ്‌നമായേക്കാം. അതിനാൽ തന്നെ താരിഫ് വർധനവ് ജനങ്ങളുടെ കീശ കാലിയാക്കുന്നതിന് വലിയ കാരണമാകും. 5ജി സേവനങ്ങൾ വ്യാപിപ്പിക്കുന്നതിനായി ചെറിയ സെല്ലുകൾ വിന്യസിക്കുന്നതിനും, ടവറുകളുടെ ഫൈബറൈസേഷനും ടെലികോം കമ്പനികൾക്ക് വലിയ ചെലവ് വഹിക്കേണ്ടതായി വരുന്നു. ഇതിന് പുറമെ, ടെലികോം ഓപ്പറേറ്റർമാർ ലൈസൻസ് ഫീസും നൽകേണ്ടതുണ്ട്. ഈ ഫീസ് 1% ആയി കുറയ്ക്കാൻ സർക്കാരിനോട് അഭ്യർഥിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ല. അതിനാൽ തന്നെ താരിഫ് വർധനവ് നടപ്പിലാക്കുക എന്നതാണ് ടെലികോം ഓപ്പറേറ്റർമാരുടെ പോംവഴി.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :