Elon Musk'Starlink
Elon Musk-ന്റെ Starlink ഇന്ത്യയിൽ സേവനങ്ങൾ ആരംഭിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ്. ഇതിനകം 100-ലധികം രാജ്യങ്ങളിൽ സാറ്റലൈറ്റ് ഇന്റർനെറ്റ് കണക്റ്റിവിറ്റി സേവനങ്ങളുണ്ട്. ഇനി ഇന്ത്യയും കേബിളില്ലാതെ സാറ്റലൈറ്റ് ഇന്റർനെറ്റിലേക്ക് കടക്കുകയാണ്. ജിയോ, എയർടെൽ കമ്പനികൾ മസ്കിന്റെ സ്റ്റാർലിങ്കുമായി കരാറും ഒപ്പിട്ടതാണ്. എന്നാൽ ഇന്ത്യക്കാർക്ക് താങ്ങാനാവത്ത വിലയിലായിരിക്കും സാറ്റലൈറ്റ് ഇന്റർനെറ്റ് മസ്ക് എത്തിക്കുക എന്നായിരുന്നു ആദ്യഘട്ടത്തിലെ വിവരം. ഇതിൽ നിന്നും വിപരീതമായി ആശ്വാസകരമായ വാർത്തയാണ് ഇപ്പോൾ വരുന്നത്.
സാധാരണ ഇന്റർനെറ്റ് കണക്റ്റിവിറ്റി ലഭ്യമല്ലാത്ത പ്രദേശങ്ങളിൽ കുറഞ്ഞ ലേറ്റൻസിയോടെ അതിവേഗ ഇന്റർനെറ്റ് ലഭിക്കും. അതും സാധാരണ ഒരു വൈ-ഫൈ കണക്ഷനെടുക്കുന്ന വില മാത്രമാണ് Starlink Plans-ന് ചെലവാകുന്നത്.
റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യക്കാർക്ക് 1,000 രൂപയിൽ താഴെ വിലയുള്ള പ്ലാനുകളിൽ സ്റ്റാർലിങ്ക് സേവനം ലഭിച്ചേക്കും. പ്രതിമാസം $10 താഴെയായിരിക്കും വില. എന്നുവച്ചാൽ ഏകദേശം 840 രൂപയ്ക്ക് താഴെയാകും സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം മസ്ക് അവതരിപ്പിക്കുക.
അണ്‍ലിമിറ്റഡ് ഡാറ്റയാണ് 840 രൂപ പാക്കേജുകളിൽ ഉൾപ്പെടുത്തുക. യുഎസില്‍ വീടുകളിലേക്കുള്ള അണ്‍ലിമിറ്റഡ് ഡാറ്റ കണക്ഷന് പ്രതിമാസം 80 ഡോളറാണ് ഈടാക്കുന്നത്. ഇന്ത്യൻ മൂല്യത്തിൽ 7000 രൂപയ്ക്ക് അടുത്തെന്ന് പറയാം. എന്നാൽ പുതിയ റിപ്പോർട്ട് വിശദീകരിക്കുന്ന അനുസരിച്ച് 850 രൂപയിലും കുറവായിരിക്കും പ്ലാനുകളുടെ വില.
ഇന്ത്യൻ സർക്കാരിൽ നിന്ന് സ്റ്റാർലിങ്കിന് അനുമതി ലഭിച്ചിരുന്നു. ടെലികോം വകുപ്പ് മസ്കിന്റെ കമ്പനിയ്ക്ക് ഒരു ലെറ്റർ ഓഫ് ഇന്റന്റ് (LoI) നൽകുകയും ചെയ്തു. ഇനി കമ്പനി കാത്തിരിക്കുന്നത് ഇന്ത്യൻ നാഷണൽ സ്പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്ററിൽ (IN-SPACe) നിന്നുള്ള അന്തിമ അനുമതിയ്ക്കാണ്. ഇതിന് ശേഷം മാത്രമേ സ്റ്റാർലിങ്കിന് സേവനം ആരംഭിക്കാൻ സാധിക്കുകയുള്ളൂ…
ഭൂട്ടാൻ, ബംഗ്ലാദേശ് എന്നിവയുൾപ്പെടെ 100-ലധികം രാജ്യങ്ങളിൽ സ്റ്റാർലിങ്ക് നിലവിൽ ലഭ്യമാണ്. ഇങ്ങനെയുള്ള പ്രദേശങ്ങളിലെ പ്രത്യേകത ബ്രോഡ്‌ബാൻഡ് ഇൻഫ്രാസ്ട്രക്ചർ കുറവുള്ളവയാണ്. ഇവിടെ സാറ്റലൈറ്റ് വഴി ഇന്റർനെറ്റ് എത്തിക്കാനാകും, അതും കേബിൾ കണക്ഷനുകളില്ലാതെ. എന്നാൽ മോശം കാലാവസ്ഥ സാറ്റലൈറ്റ് സേവനങ്ങളെ ബാധിക്കുമെന്ന ചില റിപ്പോർട്ടുകളുമുണ്ട്.