അമേരിക്കയെ വിട്ട് APPLE തങ്ങളുടെ iPhone ചൈനയിൽ നിർമിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ? ചൈനയ്ക്ക് മേൽ അമേരിക്കുടെ താരിഫുകൾ ഏർപ്പെടുത്തിയതോടെ ടിം കുക്കിന്റെ ഒരു പഴയ വീഡിയോയും വൈറലാവുകയാണ്. ഐഫോണുകൾക്ക് ഇനി അമേരിക്കയിൽ വലിയ വിലയാകുമെന്ന് വാർത്തകൾക്കിടയിലാണ് വീഡിയോയും ടെക് ലോകം ചർച്ച ചെയ്യുന്നത്.
ആപ്പിള്‍ അമേരിക്കയിലേക്ക് ഉല്‍പ്പാദനം മാറ്റുന്നതിന് പകരം ചൈനയില്‍ ഐഫോണുകള്‍ നിര്‍മ്മിക്കുന്നത് ഇപ്പോഴും തുടരുകയാണ്. അതിനുള്ള കാരണം മുമ്പൊരിക്കൽ ടിം കുക്ക് പറഞ്ഞ വീഡിയോയിൽ നിന്നറിയാം.
2024 ലെ ഒരു പഴയ വീഡിയോയിൽ ആപ്പിള്‍ സിഇഒ ടിം കുക്ക് ചൈനയുടെയും അമേരിക്കയുടെ വ്യത്യാസം വിശദമാക്കിയിട്ടുണ്ട്. എല്ലാവരും വിചാരിക്കുന്ന പോലെ ചൈനയിൽ അമേരിക്കയേക്കാൾ കുറഞ്ഞ കൂലിയിൽ തൊഴിലാളികളെ കിട്ടുന്നതല്ല. എന്നാൽ യുണൈറ്റഡ് സ്റ്റ്റ്റേസിലേക്കാൾ മറ്റൊരു കൌതുകം ചൈനയിലുണ്ടെന്ന് അദ്ദേഹം കഴിഞ്ഞ വർഷം വ്യക്തമാക്കിയതാണ്.
ആപ്പിൾ തങ്ങളുടെ ഉപകരണങ്ങൾ ചൈനയിൽ നിർമിക്കുന്നത് അവിടെ കുറഞ്ഞ കൂലിയ്ക്ക് ആളെ കിട്ടുന്നതിനാലല്ല. കുറേ വർഷങ്ങളായി ചൈനയിൽ ഉൽപ്പാദനച്ചെലവ് കുറവല്ലെന്ന് ടിം കുക്ക് പറഞ്ഞു. ഇത് ശരിക്കും തെറ്റായ പൊതുധാരണയാണെന്നും അദ്ദേഹം വ്യക്തമാക്കി. പിന്നെന്തുകൊണ്ട് ടിം കുക്കും കൂട്ടരും ഐഫോൺ നിർമിക്കാൻ ചൈന തെരഞ്ഞെടുക്കുന്നുവെന്ന് ചോദിച്ചാൽ..
ചൈനയെ വ്യത്യസ്തമാക്കുന്നത് അവിടെ ചെലവ് കുറവാണെന്നതല്ല, മറിച്ച് അവിടുത്തെ സൌകര്യങ്ങളാണെന്ന് ടിം കുക്ക് പറഞ്ഞിട്ടുണ്ട്. സൌകര്യങ്ങൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് തൊഴിലാളികളുടെ എണ്ണവും അവരുടെ മികവുമാണ്. ആപ്പിളിന്റെ ഉപകരണങ്ങൾ നിർമിക്കുന്നത് വളരെ സസൂക്ഷ്മമായും, നൂതനമായ മെറ്റീരിയൽ കൊണ്ടുമാണ്. ചൈനയിലെ എഞ്ചിനീയർമാർക്ക് അതിനാവശ്യമായ വൈദഗ്ധ്യമുള്ളതായി ടിം കുക്ക് വിശദമാക്കി.
യുഎസിൽ വിദഗ്ധരായ എഞ്ചിനീയർമാർ മാത്രമുള്ള ഒരു മുറി നിറയ്ക്കുന്നത് അസാധ്യമാണ്. ചൈനയിലാണെങ്കിൽ ഒരു മുറിയിലല്ല, വിദഗ്ധരായ പ്രൊഫഷണലുകളെ നിരവധി ഫുട്ബോൾ ഗ്രൌണ്ടുകളിൽ നിറയ്ക്കാനാകും. ഇതാണ് ചൈനയും അമേരിക്കയും തമ്മിലുള്ള വ്യത്യാസമെന്നും അദ്ദേഹം വിശദമാക്കി.
അമേരിക്കയേക്കാൾ വിദഗ്ധർ ചൈനയിലാണ് കൂടുതലെന്നാണ് ടിം കുക്ക് മുമ്പ് പറഞ്ഞിട്ടുള്ളത്. ഇത് ഏത് തരത്തിലാണ് ഇനി ട്രംപും കൂട്ടരും കണക്കിലെടുക്കുന്നതെന്ന് കണ്ടറിയണം. പഴയ വീഡിയോയാണെങ്കിലും ആപ്പിളിന്റെ മേധാവിയുടെ വാക്കുകൾ നെറ്റിസൺസ് ചർച്ചയാക്കുകയാണ്.
പ്രാദേശിക ഉൽപ്പാദനം വർധിപ്പിക്കുന്നതിന് യുഎസിൽ രാഷ്ട്രീയ സമ്മർദ്ദം വർധിച്ചുവരികയാണ്. ഇന്ത്യയ്ക്കും വിയറ്റ്നാമിനും ചൈനയ്ക്കും മേൽ ട്രംപ് ഭരണകൂടം താരിഫ് ഉയർത്തി. ഇത് ഇവിടുത്തെ നിർമാണം കുറയ്ക്കുമോ എന്ന് വരും മാസങ്ങളിൽ അറിയാം. ആപ്പിൾ പോലുള്ള കമ്പനികൾ അമേരിക്കൻ മണ്ണിൽ ഉപകരണങ്ങൾ നിർമിക്കാൻ തുടങ്ങണമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദേശിക്കുകയും ചെയ്തതാണ്.