samsung galaxy s26 rumors
വരാനിരിക്കുന്ന Samsung Galaxy S26 ഫോണുകളുടെ ഫീച്ചറുകളെ കുറിച്ച് ഇപ്പോഴെ ചർച്ച തുടങ്ങിയിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനം ഫോണുകളുടെ ബാറ്ററിയെ കുറിച്ച് വരുന്ന അപ്ഡേറ്റാണ്. അടുത്ത വർഷത്തെ സാംസങ് ഗാലക്സി ഫ്ലാഗ്ഷിപ്പുകളിൽ വമ്പൻ ബാറ്ററിയാണ് വരുന്നത്.
ബാറ്ററിയുടെ ശക്തി മാത്രമല്ല ടെക് ലോകം അമ്പരന്ന് നോക്കുന്നത്. ഗാലക്സി S26 സീരീസുകളിൽ ബാറ്ററിയ്ക്കായി അവർ ഉപയോഗിക്കുന്ന മെറ്റീരിയലിനെ കുറിച്ചും വാർത്തകൾ വരുന്നുണ്ട്.
ഇപ്പോളെത്തിയ Samsung Galaxy S25 സീരീസുകളിൽ 4,000 മുതൽ 5,000 എംഎഎച്ച് വരെയുള്ള ബാറ്ററികളായിരുന്നു. എന്നാൽ വരാനിരിക്കുന്ന ഫോണുകളിൽ നല്ല വ്യത്യാസം വരും.
ഇവയിൽ സാംസങ് 6,000 മുതൽ 7,000 എംഎഎച്ച് വരെയുള്ള ബാറ്ററി ഉപയോഗിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഗാലക്‌സി എസ് 26 സീരീസിൽ ഇങ്ങനെയുള്ള ബാറ്ററി ഉപയോഗിക്കാനുള്ള പരീക്ഷണം നടക്കുന്നതായും സൂചനയുണ്ട്.
മിക്ക ചൈനീസ് സ്മാർട്ഫോൺ നിർമാതാക്കളും അവരുടെ വലിയ ഫോണുകളിൽ ഉപയോഗിക്കുന്ന ട്രെൻഡാണ് ഗാലക്സി S25 ഫോണുകളിലേക്കും വരുന്നത്. കഴിഞ്ഞ വർഷം മുതൽ സിലിക്കൺ-കാർബൺ ബാറ്ററി സാങ്കേതികവിദ്യയാണ് പലരും പരീക്ഷിച്ച് തുടങ്ങിയത്. ഇത് തന്നെയാണ് ഗാലക്സി S26 മോഡലുകളിലും ഉപയോഗിക്കാൻ തീരുമാനിച്ചിട്ടുള്ളത്.
അതും ഫോണിന്റെ വലുപ്പത്തിലോ ഭാരത്തിലോ വിട്ടുവീഴ്ച ചെയ്യാതെ വലിയ ബാറ്ററികൾ പായ്ക്ക് ചെയ്യാനാണ് ആലോചന. എസ്26 ഫോണുകളിൽ സിലിക്കൺ-കാർബൺ ബാറ്ററികളാകുമെന്ന് കൊറിയയിൽ നിന്നുള്ള എഫ്എൻ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
സിലിക്കൺ-കാർബൺ ബാറ്ററികൾ സംയോജിപ്പിച്ച് ആനോഡിലെ ഗ്രാഫൈറ്റ് ഉപയോഗം കുറയ്ക്കുന്നു. ഇവ സാധാരണ ബാറ്ററിയിൽ നിന്ന് ഘടനാപരമായി മാറ്റമുള്ളവയാണ്. പരമ്പരാഗത ഗ്രാഫൈറ്റ് അധിഷ്ഠിത ബാറ്ററികളേക്കാൾ ഉയർന്ന കപ്പാസിറ്റിയും ഫാസ്റ്റ് ചാർജിങ്ങും ഇവയ്ക്കുണ്ടാകും.
എസ്26 സീരീസ് എക്‌സിനോസ് ചിപ്‌സെറ്റുകൾ തിരികെ കൊണ്ടുവരുമെന്നാണ് ചില റിപ്പോർട്ടുകൾ. ദി ബെൽ ഉൾപ്പെടെയുള്ള റിപ്പോർട്ടുകൾ ഇത് സൂചിപ്പിക്കുന്നു. എക്‌സിനോസ് 2500-ന്റെ പിൻഗാമിയായ എക്‌സിനോസ് 2600 ചിപ്‌സെറ്റ് വരുന്നത് സാസംങ് ഫ്ലാഗ്ഷിപ്പുകാർക്ക് നിരാശയാകുമോ?
സാധാരണ സ്നാപ്ഡ്രാഗണാണ് എക്സിനോസിനേക്കാൾ നല്ലതെന്ന് പരക്കെ അഭിപ്രായമുണ്ട്. ഗാലക്സി S26 ഫോണുകളിൽ എക്സിനോസ് അവതരിപ്പിച്ചുകൊണ്ട് ഈ ധാരണ തിരുത്താൻ കൂടിയാണ് കമ്പനി ശ്രമിക്കുന്നത്.
Also Read: 200MP ക്യാമറയുള്ള 256GB Samsung Galaxy ഫ്ലാഗ്ഷിപ്പ് ഫോൺ പകുതി വിലയ്ക്ക് വിൽക്കുന്നു!