Samsung Galaxy S25 Edge
സാംസങ്ങിന്റെ സ്ലിം സ്മാർട്ഫോണായ Samsung Galaxy S25 Edge ലോഞ്ച് തീയതി പുറത്തുവിട്ടു. സെപ്തംബറിൽ വരാനിരിക്കുന്ന ആപ്പിളിന്റെ ഐഫോൺ 17 എയറിന്റെ എതിരാളിയായിരിക്കും എസ്25 എഡ്ജ്. മെയ് 13-ന് ഈ സ്ലിം പ്രീമിയം ഫോൺ ലോഞ്ച് ചെയ്യാനാണ് തീരുമാനിച്ചിട്ടുള്ളത്. മെയ് 13-ന് ഉച്ചയ്ക്ക് 1 മണിയ്ക്ക് ഫോൺ പുറത്തിറക്കും. കമ്പനി തന്നെ ഇക്കാര്യം വ്യക്തമാക്കി.
സാംസങ് ആരാധകരും ടെക് ലോകവും ആകാംക്ഷയോടെ കാത്തിരിക്കുന്ന സ്മാർട്ഫോൺ കൂടിയാണിത്. കാരണം S24 സീരീസിൽ നിന്ന് വലിയ മാറ്റങ്ങളില്ലാതെയാണ് എസ്25 സീരീസ് പുറത്തിറക്കിയത്. എന്നാൽ ലോഞ്ച് വേദയിൽ പ്രദർശിപ്പിച്ച എസ്25 എഡ്ജ് പലരുടെയും കാത്തിരിപ്പിന് തുടക്കം കുറിക്കുകയും ചെയ്തു.
ഗാലക്സി എസ് 25+ നും എസ് 25 അൾട്രയ്ക്കും ഇടയിൽ പെർഫോമൻസും വിലയുമാകുന്ന പ്രീമിയം സെറ്റുകളായിരിക്കും ഇത്. ഗാലക്‌സി എസ്25 എഡ്ജ് സ്റ്റാൻഡേർഡ്, പ്ലസ് വേരിയന്റുകളേക്കാൾ കൂടുതൽ പ്രീമിയം അനുഭവം ഇതിലുണ്ടാകും. ഏകദേശം 1,05,000 മുതൽ 1,15,000 രൂപ വരെ വില വന്നേക്കാം.
കാരണം സാംസങ് ഗാലക്സി എസ്25 പ്ലസ്സിന് 99,999 രൂപയും, അൾട്രായ്ക്ക് 1,29,999 രൂപയുമാണ് വില. അതിനാൽ ഇതിന്റെ ഇടയിലായിരിക്കും വിലയാകുക.
ഏറ്റവും കനം കുറഞ്ഞ സ്മാർട്ട്‌ഫോണുകളിൽ ഒന്നായാണ് ഗാലക്‌സി എസ് 25 എഡ്ജ് വരുന്നത്. ഇതിന് ഏകദേശം 6.4 എംഎം സ്ലിം ഡിസൈനായിരിക്കുമെന്നാണ് റിപ്പോർട്ട്. ടാൻഡം ഒഎൽഇഡി ഡിസ്‌പ്ലേ സാങ്കേതികവിദ്യ ഉപയോഗിച്ചായിരിക്കും ഇത് നിർമിക്കുക.
ഇത് ഐപാഡ് പ്രോ മോഡലുകളിലുള്ളത് പോലുള്ള ടെക്നോളജിയാണ്. കനം കുറഞ്ഞതും, ഭാരം കുറഞ്ഞതുമായ ഗാലക്സി എസ്25 എഡ്ജ് ഡിസ്പ്ലേയിൽ വിട്ടുവീഴ്ചയൊന്നുമില്ല. ഇതിൽ 120Hz റിഫ്രെഷ് റേറ്റും 6.6 ഇഞ്ച് ഒഎൽഇഡി പാനലുള്ള ഡിസ്‌പ്ലേയുമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റ് ആയിരിക്കും ഇതിലുണ്ടാകുക. ഗെയിമിംഗ്, മൾട്ടിടാസ്കിംഗ്, ദൈനംദിന പ്രവർത്തനങ്ങൾക്ക് ഇത് മികച്ച പെർഫോമൻസ് തരുന്നു. 200 മെഗാപിക്സൽ പ്രൈമറി സെൻസറും 50 മെഗാപിക്സൽ അൾട്രാ-വൈഡ് ലെൻസുമുള്ളതായിരിക്കും ക്യാമറ യൂണിറ്റ്. ഈ ഡ്യുവൽ റിയർ ക്യാമറ ഫ്ലാഗ്ഷിപ്പ് ഫോട്ടോഗ്രാഫി പെർഫോമൻസ് ഉറപ്പ് നൽകുന്നു. എന്നാൽ ഈ മോഡലിൽ ഒരു ടെലിഫോട്ടോ ലെൻസ് ഉൾപ്പെടുത്താൻ സാധ്യതയില്ല.
സാംസങ് ഗാലക്സി എസ്25 എഡ്ജിൽ ബാറ്ററി ശേഷിയും മികച്ചതായിരിക്കും. 3,900mAh ബാറ്ററിയായിരിക്കും ഇതിലുണ്ടാകുക. ഇത് പ്ലസ് മോഡലിലെ 4,900mAh ബാറ്ററിയേക്കാളും വളരെ ചെറുതാണ്. സാംസങ് സ്റ്റാൻഡേർഡ് മോഡലായ 4,000mAh യൂണിറ്റിനേക്കാളും ചെറുതാകും. 25W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്നതായിരിക്കും ഈ ഫോണെന്ന് കരുതുന്നു.
എന്തായാലും ഫീച്ചറുകളെ കുറിച്ചുള്ള വിവരങ്ങളും, ഇന്ത്യയിലെ വിലയിലും ഇനിയും ഔദ്യോഗിക അറിയിപ്പുകൾ വന്നിട്ടില്ല. മെയ് 13-ന് കൂടുതൽ വ്യക്തമായി വിവരങ്ങൾ മനസിലാക്കാം.