iPhone 17 Pro ക്യാമറ
iPhone 17 Pro ക്യാമറയിൽ ശരിക്കും ഞെട്ടിക്കുമോ? ആകാംക്ഷയോടെ കാത്തിരിക്കുന്നവർക്ക് ഇതാ ഏറ്റവും പുതിയ അപ്ഡേറ്റ് വരുന്നു. 2025 സെപ്റ്റംബറിൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ ഫോണാണ് ഐഫോൺ 17 പ്രോ. ഐഫോൺ 16 പ്രോയുമായി താരതമ്യപ്പെടുത്തുമ്പോൾ നിരവധി അപ്‌ഗ്രേഡുകൾ ഇതിലുണ്ടായിരിക്കും.
പുതുക്കിയ ഡിസൈൻ, പുതിയ ഡിസ്‌പ്ലേ, മികച്ച പ്രോസസർ എന്നിവയെല്ലാം ഈ ഫോണിൽ ലഭിച്ചേക്കാം. ഇപ്പോൾ ഒരു പുതിയ റിപ്പോർട്ടിൽ ഐഫോൺ 17 പ്രോയുടെ ക്യാമറയെ കുറിച്ചും അപ്ഡേറ്റ് വരുന്നുണ്ട്. ഇതുവരെ വന്ന ഐഫോണികളിൽ നിന്ന് അപ്‌ഗ്രേഡ് ചെയ്‌ത ക്യാമറ സിസ്റ്റം ഇതിനുണ്ടാകും. എന്നാലും ഐഫോൺ 16 പ്രോയിലെ 12 മെഗാപിക്സലിന് പകരം 48 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ ലെൻസായിരിക്കും ഇതിലുണ്ടാകുക.
ഐഫോൺ 17 പ്രോയിലും ഐഫോൺ 17 പ്രോ മാക്സിലും 48 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറയായിരിക്കുമുള്ളത്. ഇത് 85 എംഎം ഫോക്കൽ ലെങ്ത് തുല്യമായ ടെലിഫോട്ടോ ലെൻസായിരിക്കും. ഐഫോൺ 16 പ്രോയുടെ 12 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസ് 120 എംഎം ഫോക്കൽ ലെങ്തിലാണ് പുറത്തിറക്കിയത്. വരാനിരിക്കുന്ന പ്രോ മോഡലുകളിൽ പോർട്രെയിറ്റ് ഫോട്ടോഗ്രാഫി കൂടുതൽ രസകരമാക്കാനാണ് ആപ്പിൾ അപ്ഗ്രേഡ് കൊണ്ടുവരുന്നത്.
നിലവിലെ ഫ്ലാഗ്ഷിപ്പ് മോഡലുകളിൽ 5x സൂമാണുള്ളത്. ഇതിൽ നിന്ന് വീണ്ടും ക്യാമറ അപ്ഡേറ്റ് ചെയ്യുന്നതിന് പകരം ഐഫോൺ 17 പ്രോ മോഡലുകളിൽ സൂം കപ്പാസിറ്റി കുറയുകയായിരിക്കും. ലഭിക്കുന്ന റിപ്പോർട്ടുകളിൽ പറയുന്നത് ഐഫോൺ 17 പ്രോയിൽ 3.5x ഒപ്റ്റിക്കൽ സൂം ആയിരിക്കും ഉണ്ടാകുക എന്നാണ്.
എങ്കിലും പുത്തൻ ഐഫോണിൽ 7x ഡിജിറ്റൽ സൂം വരെ പ്രൈമറി സെൻസറിനുണ്ടാകുമെന്നാണ് പ്രതീക്ഷ. അപ്‌ഗ്രേഡ് ചെയ്‌ത ടെലിഫോട്ടോ സെൻസർ കുറഞ്ഞ വെളിച്ചത്തിലും ഫോട്ടോഗ്രാഫി മികച്ചതാക്കി തരുന്നതായിരിക്കും. മികച്ചതും ക്ലാരിറ്റിയുള്ള ഫോട്ടോകൾക്കുമായി ഇതിൽ കൂടുതൽ പ്രകാശം ലഭിച്ചേക്കും.
ഈ പ്രീമിയം സ്മാർട്ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറയായിരിക്കും കൊടുക്കുന്നത്. ഐഫോൺ 17 പ്രോയിൽ 48 മെഗാപിക്സൽ ഷൂട്ടറുകളുള്ള മൂന്ന് ക്യാമറ യൂണിറ്റുണ്ടായിരിക്കും. മെയിൻ സെൻസറും, അൾട്രാ-വൈഡ് സെൻസറും ടെലിഫോട്ടോ ക്യാമറയും 48 മെഗാപിക്സലിന്റെതായിരിക്കും.
മുൻവശത്തുള്ള ട്രൂഡെപ്ത് ക്യാമറയും 12 മെഗാപിക്സലിൽ നിന്ന് 24 മെഗാപിക്സലിലേക്ക് അപ്‌ഗ്രേഡുള്ളതാകാനാണ് സാധ്യത.
ഐഫോൺ 17 പ്രോയിലെ ക്യാമറ ബമ്പിൽ കാര്യമായ ഡിസൈൻ മാറ്റം നിങ്ങൾക്ക് പ്രതീക്ഷിക്കാം. അടുത്തിടെ വന്ന പ്രോ മോഡലുകളിലെ ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ ആയിരിക്കില്ല വരാനിരിക്കുന്നതിൽ നൽകുന്നത്. വെർട്ടിക്കലായി ചതുരാകൃതിയിലുള്ള അല്ലെങ്കിൽ നീളമേറിയ ഓവൽ ആകൃതിയിലായിരിക്കും ക്യാമറ കൊടുക്കുക.
പ്രോ മോഡലിന് 6.3 ഇഞ്ച് വലിപ്പവും, പ്രോ മാക്സിന് 6.9 ഇഞ്ച് വലിപ്പമായിരിക്കും ഇതിനുള്ളത്. A19 Pro ചിപ്പാണ് ഐഫോൺ 17 പ്രോയിൽ കൊടുക്കാൻ സാധ്യത.