alcatel v3 ultra 5g features 108mp triple camera
ക്ലാസിക്, പ്രോ ഫോണുകളൊപ്പം ഇന്ത്യൻ വിപണി പിടിക്കാൻ Alcatel V3 Ultra 5G എത്തിക്കഴിഞ്ഞു. നോക്കിയയുടെ കീഴിലുള്ള ഫ്രഞ്ച് കമ്പനിയാണ് കിടിലൻ സ്മാർട്ഫോണുകൾ അവതരിപ്പിച്ചത്. Alcatel V3 Pro, Alcatel V3 Classic എന്നിവയാണ് മറ്റ് 2 മോഡലുകൾ. ഇതിൽ ഏറ്റവും പ്രീമിയം സെറ്റ് അൾട്രാ തന്നെയാണ്.
ഫോണുകളുടെ വിൽപ്പന ജൂൺ 2-ന് ഉച്ചയ്ക്ക് 12 മണി മുതലാണ്. റീട്ടെയിൽ സ്റ്റോറുകളിലും അധികം വൈകാതെ ലഭ്യമാകും.
മൂന്ന് ഫോണുകളിലും അൽകാടെൽ മീഡിയാടെക്കിന്റെ Dimensity 6300 SoC പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യൻ വിപണി പിടിക്കാനുള്ള ഫ്രഞ്ച് സ്മാർട്ഫോൺ നിർമാതാക്കളുടെ പുതിയ താരങ്ങൾ എങ്ങനെയുണ്ടെന്ന് നോക്കാം…
ആൽക്കാടെൽ V3 അൾട്രയ്ക്ക് ഇന്ത്യയിൽ വില 19,999 രൂപയാണ്. 6GB + 128GB വേർഷന്റെ വിലയാണിത്. 8GB + 128GB പതിപ്പിന് 21,999 രൂപയുമാകുന്നു. ജൂൺ 2 മുതൽ ഫ്ലിപ്കാർട്ട് വഴിയാണ് ഫോൺ വിൽപ്പനയ്ക്ക് എത്തിക്കുന്നത്.
ഹൈപ്പർ ബ്ലൂ, ഷാംപെയ്ൻ ഗോൾഡ്, ഓഷ്യൻ ഗ്രേ എന്നീ നിറങ്ങളിലാണ് ഫോൺ ഡിസൈൻ ചെയ്തിരിക്കുന്നത്. ഇതിൽ ബിൽറ്റ്-ഇൻ സ്റ്റൈലസും ഉണ്ട്. ഇത്രയും കുറഞ്ഞ വിലയിലുള്ള ഫോണിൽ സ്റ്റൈലസ് ലഭിക്കുന്നത് ഇന്ത്യയിൽ ഇതാദ്യമാണെന്ന് പറയാം
120Hz റിഫ്രഷ് റേറ്റ് ഉള്ള 6.8-ഇഞ്ച് ഡിസ്പ്ലേയാണ് അൾട്രായിലുള്ളത്. ഇതിന് FHD+ സ്ക്രീനാണ് നൽകിയിരിക്കുന്നത്. 550 nits വരെ ബ്രൈറ്റ്നെസ്സുള്ള സ്മാർട്ഫോണാണിത്.
108 എംപി പ്രധാന ക്യാമറയും 8 എംപി അൾട്രാ വൈഡ് ക്യാമറയുമുണ്ട്. മൂന്നാമത്തേത് 2 എംപി മാക്രോ ക്യാമറയാണ്. വീഡിയോ റെക്കോർഡിംഗിനായി ഹൊറൈസൺ ലോക്കും ഇതിൽ ലഭ്യമാണ്. ഫോണിന്റെ മുൻവശത്ത് 32 എംപി സെൻസറാണ് ഉപയോഗിച്ചിട്ടുള്ളത്.
ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസറുള്ള സ്മാർട്ഫോണാണിത്. ഇതിൽ മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ മെമ്മറി വികസിപ്പിക്കാനുമാകും. ഡ്യുവൽ സിം കണക്റ്റിവിറ്റി ഓപ്ഷനും ലഭ്യമാണ്. 5010mAh കപ്പാസിറ്റിയുള്ളതാണ് ബാറ്ററി. ഇത് 33W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു.
ആൻഡ്രോയിഡ് 14, ആൻഡ്രോയിഡ് 15 അപ്ഡേറ്റുള്ള സ്മാർട്ഫോണാണിത്. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറാണ് സജ്ജീകരിച്ചിരിക്കുന്നത്. 5G SA / NSA, ഡ്യുവൽ 4G VoLTE, ബ്ലൂടൂത്ത് 5.3, GPS, GLONASS, ഗലീലിയോ, QZSS ഓപ്ഷനുകൾ ലഭ്യം. ഇത് USB ടൈപ്പ്-C ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു. NFC സപ്പോർട്ടും നിങ്ങൾക്ക് ഈ സ്മാർട്ഫോണിൽ പ്രതീക്ഷിക്കാം.
ഇതേ സീരീസിലാണ് അൽകാടെൽ മറ്റ് 2 മോഡലുകളും പുറത്തിറക്കിയത്. അൽകാടെൽ V3 Pro, V3 Classic എന്നിവ അൾട്രായേക്കാൾ വില കുറവുള്ള സെറ്റുകളാണ്.