ഗൂഗിളും ഇന്ത്യയും ഒന്നിച്ച്… പത്മഭൂഷൺ നിറവിൽ സുന്ദർ പിച്ചൈ പറയുന്നു

Updated on 05-Dec-2022
HIGHLIGHTS

സുന്ദർ പിച്ചൈക്ക് ഇന്ത്യൻ സർക്കാർ പത്മഭൂഷൺ നൽകി ആദരിച്ചു

സാൻഫ്രാൻസിസ്‌കോയിൽ വച്ചാണ് അദ്ദേഹം പുരസ്‌കാരം ഏറ്റുവാങ്ങിയത്

ഗൂഗിൾ സിഇഒ പുരസ്കാര നിറവിൽ കുറിച്ച വാക്കുകൾ ഇതാ

ഒരു വിരൽത്തുമ്പിലൂടെയോ മൗസ്‌ പോയിന്റിലൂടെയോ ലോകത്തെ കൺമുമ്പിലെത്തിച്ച സുന്ദർ പിച്ചെയ്ക്ക് കഴിഞ്ഞ ദിവസമാണ് ഭാരതം പത്മഭൂഷൺ സമ്മാനിച്ചത്. സാൻഫ്രാൻസിസ്കോയിൽ അടുത്ത കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ സുന്ദർ പിച്ചെയ്ക്ക് ഇന്ത്യയുടെ മൂന്നാമത്തെ സിവിലിയൻ ബഹുമതി നൽകി രാജ്യം ആദരിച്ചു. 2004ലാണ് പിച്ചൈ ഗൂഗിൾ ടൂൾബാറിന്റെ പ്രൊഡക്റ്റ് മാനേജരായി ജോയിൻ ചെയ്തത്. 2015ൽ അദ്ദേഹം കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ടു. ഇപ്പോഴിതാ, പത്മഭൂഷൺ നിറവിൽ ഗൂഗിൾ സിഇഒ സമൂഹമാധ്യമത്തിൽ പങ്കുവച്ച വാക്കുകൾ ശ്രദ്ധേയമാകുകയാണ്.

സർക്കാരിനോടും ഭാരതീയരോടും അങ്ങേയറ്റം നന്ദി…

'പത്മഭൂഷൺ സ്വീകരിക്കാൻ എനിക്ക് ആതിഥ്യം നൽകിയതിന് അംബാസഡർ സന്ധുവിനും കോൺസൽ ജനറൽ പ്രസാദിനും ഞാൻ നന്ദി പറയുന്നു. ഈ മഹത്തായ ബഹുമതിക്ക് ഇന്ത്യൻ സർക്കാരിനോടും ഇന്ത്യയിലെ ജനങ്ങളോടും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണ്,' എന്ന് പിച്ചൈ പറഞ്ഞു. വ്യാപാര-വ്യവസായ മേഖലയിലെ വിപ്ലവകരമായ മാറ്റങ്ങൾക്കാണ് സുന്ദർ പിച്ചൈക്ക് പത്മഭൂഷൺ നൽകിയത്. ഇന്ത്യ തന്റെ ജീവിതത്തിന്റെ ഭാഗമാണെന്നും, താൻ എവിടെ പോയാലും ഇന്ത്യയെ ഒപ്പം കൊണ്ടുപോകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒപ്പം ഡിജിറ്റൽ ഇന്ത്യയുടെ ദ്രുതഗതിയിലുള്ള വളർച്ചയെയും അദ്ദേഹം പ്രശംസിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റൽ ഇന്ത്യ ദർശനത്തെ പ്രശംസിച്ചുകൊണ്ട് ഇന്ത്യയിലെ സാങ്കേതിക മാറ്റത്തിന്റെ ദ്രുതഗതിയിലുള്ള ഗതി തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ ഡിജിറ്റൽ ഭാവിയിൽ 10 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്നും ഗൂഗിൾ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 'ഇതിലൂടെ എല്ലാവർക്കും വാങ്ങാനാവുന്ന ഇന്റർനെറ്റ് ആക്‌സസ് പ്രാപ്തമാക്കാൻ സാധിക്കുന്നു. ഭാരതത്തിന് തങ്ങളുടെ തനതായ ആവശ്യങ്ങൾക്കായി ഉൽപ്പന്നങ്ങൾ നിർമിക്കുന്നതിനും, ഏത് തരത്തിലുള്ള ബിസിനസുകളെയും പ്രോത്സാഹിപ്പിക്കുന്നതിനും ഇത്തരം ഡിജിറ്റൽ സാങ്കേതികവിദ്യ സഹായകരമാകും.'

ഗൂഗിളും ഇന്ത്യയും

സാങ്കേതികവിദ്യയുടെ നേട്ടങ്ങൾ എല്ലാ കോണിലുള്ള ആളുകളിലേക്കും എത്തിക്കുന്നതിന് ഗൂഗിളും ഇന്ത്യയും ഒരുമിച്ച് പ്രവർത്തിക്കുകയാണെന്നും ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ വിശദമാക്കി. ഭാഷ വിനിമയ തടസ്സമാകാതിരിക്കാൻ ഗൂഗിൾ ട്രാൻസ്ലേറ്റ് (Google Translate) പോലുള്ളവയും, ചെറുകിട ബിസിനസുകളെ പോലും ബന്ധിപ്പിക്കുന്ന (Google Maps)ഉം എത്രമാത്രം നിർണായകമാണെന്നതും പിച്ചെ തന്റെ കുറിപ്പിൽ പരാമർശിക്കുന്നുണ്ട്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :