മുകുന്ദനുണ്ണി അസോസിയേറ്റ്സ് തിയേറ്ററുകളേക്കാൾ ഒരുപക്ഷേ വലിയ ഓളം ഉണ്ടാക്കിയത് OTT റിലീസിലാണ്. ഡിജിറ്റൽ റിലീസിലെ വിജയം വീണ്ടുമാവർത്തിക്കുമെന്ന പ്രതീക്ഷയാണ് വിനീത് ശ്രീനിവാസൻ മുഖ്യവേഷത്തിലെത്തിയ തങ്കം എന്ന ചിത്രത്തിലും.
വിനീത് ശ്രീനിവാസനും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ജനുവരി 26നാണ് തിയേറ്ററുകളിൽ പുറത്തിറങ്ങിയത്. ഇപ്പോഴിതാ, സിനിമ OTTയിലും പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. ആമസോൺ പ്രൈം വീഡിയോ (Amazon Prime Video)യിലാണ് Thankam റിലീസിനെത്തിയത്. ഞായറാഴ്ച അർധരാത്രി മുതൽ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിച്ചു.
മലയാളത്തിന്റെ സമകാലീന തിരക്കഥാകൃത്തുക്കളിൽ പ്രമുഖനായ ശ്യാം പുഷ്കരനാണ് തങ്കത്തിന്റെ കഥ എഴുതിയിരിക്കുന്നത്. ജോജിക്ക് ശേഷം ശ്യാം പുഷ്‌കരന്റെ രചനയിൽ ഒരുങ്ങിയ ചിത്രമെന്ന പ്രത്യേകതയും തങ്കത്തിനുണ്ട്. സഹീദ് അരാഫത്താണ് സംവിധായകൻ. അപര്‍ണ ബാലമുരളി, ദംഗല്‍ ഫെയിം ഗിരീഷ് കുല്‍ക്കര്‍ണി, വിനീത് തട്ടില്‍, ശ്രീകാന്ത് മുരളി, കൊച്ചു പ്രേമന്‍ എന്നിവരും Thankam ചിത്രത്തിൽ നിർണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ഗൗതം ശങ്കറിന്റെ ഫ്രെയിമുകൾക്ക് കിരണ്‍ ദാസാണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. ബിജി ബാലാണ് സംഗീത സംവിധായകൻ.
മഹേഷിന്റെ പ്രതികാരം പോലുള്ള മികച്ച സിനിമകൾ നിർമിച്ച ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തനും ഫഹദ് ഫാസിലും ശ്യാം പുഷ്കരനും ചേർന്നാണ് തങ്കം നിർമിച്ചത്.