പഠിക്കാൻ സ്വന്തമായി ഒരു OTT, കേന്ദ്രത്തിൽ നിന്നും!

Updated on 04-May-2023
HIGHLIGHTS

സ്വന്തമായി ഒരു OTT കൊണ്ടുവരാൻ ഒരുങ്ങി ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ

കുട്ടികൾക്കും യുവമനസ്സുകൾക്കുമായാണ് ഒടിടി അവതരിപ്പിക്കുക

കൊവിഡിന് ശേഷം സിനിമാ- സീരീസ് മേഖലയിൽ വമ്പൻ വിപ്ലവങ്ങളാണ് സംഭവിക്കുന്നത്. തിയേറ്ററുകളിൽ നിന്ന് എത്ര വാരി എന്നതായിരുന്നു സിനിമയുടെ വിജയത്തിന് അളവുകോലായിരുന്നതെങ്കിൽ, ഇന്ന് OTTയും അതിന് പുതിയ മാനദണ്ഡങ്ങൾ നൽകിക്കഴിഞ്ഞു.

പലപ്പോഴും തിയേറ്ററുകൾ കാര്യമാക്കാത്ത പല ചിത്രങ്ങളെയും ഒടിടി ഏറ്റെടുത്ത് വിജയിപ്പിക്കുന്നുണ്ട്. മലയാളത്തിലും ഇങ്ങനെ ഒരുപാട് അനുഭവങ്ങൾ സമീപകാലത്ത് തന്നെ സംഭവിച്ചു. 
ഇപ്പോഴിതാ, ഒടിടിയുടെ പ്രചാരം വർധിക്കുന്ന സാഹചര്യത്തിൽ ഒടിടി പാഠ്യപദ്ധതിയിലേക്ക് കൂടി ഉൾപ്പെടുത്താനൊരുങ്ങുകയാണ് സർക്കാർ. ഇതിന്റെ ഭാഗമായി ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ (NFDC) സ്വന്തമായി ഒരു OTT കൊണ്ടുവരാൻ ഒരുങ്ങുകയാണ്. ഇതുവഴി യുവ ചലച്ചിത്ര പ്രവർത്തകർക്ക് പിന്തുണ നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം (MIB) സെക്രട്ടറി അപൂർവ ചന്ദ്ര അറിയിച്ചു.

ശ്രദ്ധിക്കപ്പെടാതെ പോകുന്ന സിനിമകളും പ്രദർശിപ്പിക്കാൻ അവസരം ലഭിക്കാത്ത സിനിമകളും NFDCയിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നതാണ് പുതിയ ഒടിടി സംരഭത്തിലൂടെ ഉദ്ദേശിക്കുന്നത്.
ഇതിന് പുറമെ, സിനിമ പ്രേമികൾക്കും സാധാരണക്കാർക്കും തങ്ങളുടെ പ്രിയപ്പെട്ട സിനിമകൾ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ പ്രദർശിപ്പിക്കാനും, ഫണ്ട് നൽകുന്നതിനും ഒരു പരിപാടി സർക്കാർ ഉടൻ ആരംഭിക്കുമെന്നും പറയുന്നു. ഇങ്ങനെ 5000ത്തിൽ അധികം മുഴുനീള ചലച്ചിത്രങ്ങളും ഹ്രസ്വചിത്രങ്ങളും ഡിജിറ്റലൈസ് ചെയ്യുക എന്നതും സർക്കാർ ലക്ഷ്യമിടുന്നതെന്നും അപൂർവ ചന്ദ്ര കൂട്ടിച്ചേർത്തു. ഇങ്ങനെ വിദ്യാർഥികളും ഡിജിറ്റലൈസേഷന്റെ പുതിയ തലങ്ങളെ മനസിലാക്കുമെന്നാണ് പ്രതീക്ഷ.

അതുപോലെ ഒടിടിയിലെ പൈറസിയും, ഉള്ളടക്കത്തിലെ നിയന്ത്രണവും സെൻസർഷിപ്പും സംബന്ധിച്ചും ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. അടുത്തിടെ ബോളിവുഡ് നടൻ സൽമാൻ ഖാനും OTT പ്ലാറ്റ്‌ഫോമുകളിലെ അശ്ലീലതയോട് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. 

ഓരോ ഭാഷയ്ക്കും OTT

ഇന്ന് ഓരോ ഭാഷയ്ക്കും നിരവധി ഒടിടി പ്ലാറ്റ്ഫോമുകളാണുള്ളത്. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, ജിയോസിനിമ പോലുള്ള മുൻനിര പ്ലാറ്റ്ഫോമുകൾ മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ സിനിമകളും സീരീസുകളും നൽകുന്നുണ്ട്. ഇതിന് പുറമെ, സീ5, നീസ്ട്രീം, സൈന പ്ലേ, സോണിലിവ്,  ഏകം ഒടിടി, മനോരമ മാക്സ്, തിയേറ്റർ ലൈവ്, കൂടെ, ജയ്ഹോ, കേവ്, ഫസ്റ്റ് ഷോസ്, റൂട്ട്സ് വീഡിയോ തുടങ്ങിയ OTT പ്ലാറ്റ്ഫോമുകൾ മലയാളത്തിന് മാത്രമായുള്ള പ്രാദേശിക ഒടിടികളാണ്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :