sim swap scam
എവിടെയാണ് കെണി ഒളിഞ്ഞിരിക്കുന്നതെന്ന് പറയാനാകില്ല. എന്നാൽ ഇപ്പോൾ ചർച്ചയാകുന്നത് Sim swapping scam ആണ്. അതായത്, ഫോണിലേക്ക് 3 മിസ്ഡ് കോളുകൾ വന്ന് ഉടനടി അക്കൌണ്ടിലെ പണം കാലിയായ വാർത്ത ഡൽഹിയിൽ സംഭവിച്ചിരുന്നു. സിം വഴി നടത്തുന്ന ഈ തട്ടിപ്പ് എന്താണെന്നും, ഇതിൽ നിന്നും എങ്ങനെ സുരക്ഷിതരായിരിക്കാമെന്നും നോക്കാം.
ന്യൂഡൽഹിയിലെ ഒരു അഭിഭാഷകയാണ് ഇത്തരമൊരു തട്ടിപ്പിന് ഇരയായത്. യുവതിയുടെ ഫോണിലേക്ക് മൂന്ന് കോളുകൾ വരുകയും തുടർന്ന് ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടതായുമാണ് വാർത്തകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അഭിഭാഷകയുടെ സിം കാർഡിന്റെ ഡ്യൂപ്ലിക്കേറ്റിലൂടെ ആക്‌സസ് കൈക്കലാക്കിയാണ് ഈ തട്ടിപ്പ് നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം.
ഇന്ന് ഓൺലൈൻ തട്ടിപ്പുകൾ പല രൂപത്തിലും പല ആഴത്തിലുമാണ് സംഭവിക്കുന്നത്. നമ്മുടെ അശ്രദ്ധയിലും അമളിയിലുമെല്ലാം ഇങ്ങനെ ഓൺലൈൻ തട്ടിപ്പുകൾ നടക്കുന്നുണ്ട്. എന്നാൽ സിമ്മിന്റെ ഡൂപ്ലിക്കേറ്റ് സൃഷ്ടിച്ച് എങ്ങനെയാണ് ഓൺലൈൻ തട്ടിപ്പ് അരങ്ങേറുന്നതെന്ന് വിശദമായി മനസിലാക്കൂ…
സാധാരണ അപരിചിത കോളുകൾ എടുത്ത് സംസാരിക്കുമ്പോഴോ, തട്ടിപ്പ് ഒളിപ്പിച്ചിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുമ്പോഴോ ആണ് പലർക്കും പണം നഷ്ടപ്പെടുന്നത്. എന്നാൽ സിം സ്വിപ്പിങ് സ്കാമിങ്ങിൽ ഫോണിലേക്ക് വന്ന മിസ്ഡ് കോളിൽ പ്രതികരിച്ചില്ലെങ്കിലും പണം നഷ്ടമായി. ഒടിപിയോ മറ്റ് വിവരങ്ങളൊന്നും വെളിപ്പെടുത്താതെയാണ് പണം നഷ്ടമായത്. അക്കൌണ്ടിൽ നിന്ന് പണം നഷ്ടമായതായി മെസേജ് ലഭിച്ചപ്പോഴാണ് അഭിഭാഷകയ്ക്കും കാര്യം പിടികിട്ടിയത്.
സംഭവം അധികൃതരെ അറിയിച്ചതിന് ശേഷം യുവതിയുടെ ഫോൺ പരിശോധിച്ചപ്പോൾ അസാധാരണ ബ്രൌസിങ് ഹിസ്റ്ററിയാണ് കണ്ടെത്തിയത്. ഇതിനർഥം സിം സ്വാപ് തട്ടിപ്പ് നടത്തുന്നവർ വ്യക്തിഗത വിവരങ്ങൾ ചോർത്തുന്നുവെന്നും, ഇതിനായി ഫിഷിങ് ലിങ്കുകളും മെസേജുകളും ഉപയോഗിക്കുന്നുമെന്നുമാണ്. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങളിൽ നിന്നാണ് ഇവർ ഡൂപ്ലിക്കേറ്റ് സിം ഉണ്ടാക്കുന്നത്. ഇതിനായി ഐഡി കാർഡിന്റെ ഡൂപ്ലിക്കേറ്റ് കോപ്പി ഉണ്ടാക്കി, മൊബൈൽ റീട്ടെയിൽ ഷോപ്പുകളിൽ നിന്ന് ഡൂപ്ലിക്കേറ്റ് സിം വാങ്ങുന്നു.