മെറ്റ തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങുന്നു; സ്മാർട്ട് വാച്ചുകളും വിപണിയിലേക്കില്ല!

Updated on 17-Nov-2022
HIGHLIGHTS

ജൂൺ മാസം മുതൽ പോർട്ടൽ എന്ന വീഡിയോ കോളിങ് ഉപകരണങ്ങൾ നിർമിക്കുന്നത് കമ്പനി നിർത്തലാക്കി

കമ്പനി വികസിപ്പിച്ചുകൊണ്ടിരുന്ന സ്മാർട്ട് വാച്ചുകളും നിർത്തലാക്കിയതായാണ് റിപ്പോർട്ട്

മെറ്റാവേഴ്സുമായി ബന്ധപ്പെട്ട പദ്ധതികളിൽ ശ്രദ്ധ നൽകാനാണ് കമ്പനിയുടെ നീക്കമെന്നും സൂചന

ചെലവ് ചുരുക്കലിന്റെ ഭാഗമായി ഇലോൺ മസ്കിന്റെ (Elon Musk) ട്വിറ്ററിൽ (Twitter) നിന്നും ഈയിടെ 50 ശതമാനത്തിലധികം തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു. എന്നാൽ, ട്വിറ്ററിന് പിന്നാലെ ഇപ്പോഴിതാ ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയും തൊഴിലാളികളെ നീക്കം ചെയ്യുന്നതിനായി നടപടികൾ തുടങ്ങി. കഴിഞ്ഞ ചൊവ്വാഴ്ച കമ്പനിയിലെ 11,000 ജീവനക്കാരെ പിരിച്ചുവിടുന്നതിനായി മെറ്റ (Meta) തീരുമാനിച്ചതായാണ് വിവരം. കമ്പനിയുടെ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് മെറ്റ ഈ നടപടി സ്വീകരിക്കുന്നതെന്നും പറയുന്നു.

മെറ്റയുടെ വീഡിയോ കോൾ സ്മാർട്ട് വാച്ചുകൾ പുറത്തിറങ്ങില്ല

ഇതിന് പുറമെ, Meta അതിന്റെ വീഡിയോ കോൺഫറൻസിങ് ഉപകരണങ്ങളും നിർത്തലാക്കുന്നുവെന്നാണ് സൂചന. അതായത്, പോർട്ടൽ (Portal) എന്ന വീഡിയോ കോളിങ് ഡിസ്പ്ലേ പ്ലാറ്റ്‌ഫോമും ഇതുവരെ പുറത്തിറക്കാത്ത രണ്ട് സ്മാർട്ട് വാച്ചുകളും കമ്പനി പിൻവലിക്കുന്നു. 

ഇക്കഴിഞ്ഞ ജൂൺ മാസം മുതൽ കമ്പനി വീഡിയോ കോളിങ് ഉപകരണങ്ങൾ നിർമിക്കുന്നത് നിർത്തലാക്കിയെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. ഇതിന് പുറമെ, മെറ്റ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന സ്മാർട്ട് വാച്ചുകളെയും (Smartwatches) ഉപേക്ഷിച്ചതായി വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഏകദേശം 349 റീട്ടെയിൽ വില ഉണ്ടായിരുന്ന മിലൻ എന്ന് കോഡ് നെയിം നൽകിയിരുന്ന സ്മാർട്ട് വാച്ചാണ് ഇവയിലൊന്ന്. ഈ വാച്ചിൽ രണ്ട് ബിൽറ്റ്-ഇൻ ക്യാമറകൾ അടക്കമുണ്ടായിരിക്കും എന്നും ചില പ്രസിദ്ധീകരണങ്ങൾ വ്യക്തമാക്കിയിരുന്നു.

ഇതിൽ ഒരു ക്യാമറ വീഡിയോ കോളിനും മറ്റൊന്ന് ഓട്ടോ-ഫോക്കസ് സംവിധാനത്തോടെ വീഡിയോകൾ പകർത്തുന്നതിനും ഉതകുന്ന തരത്തിലായിരുന്നു ഡിസൈൻ ചെയ്തിരുന്നത്. ഇവയ്ക്കുള്ള സാമഗ്രിഹികൾ നിർമിക്കാൻ അന്ന് ഫേസ്ബുക്ക് എന്ന പേരിൽ അറിയപ്പെട്ടിരുന്ന മെറ്റ മറ്റ് കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. കൂടുതൽ ഇലക്ട്രോണിക് ഉപകരണങ്ങൾ നിർമിക്കുന്നതിൽ അന്ന് കമ്പനി പദ്ധതികൾ ആവിഷ്കരിച്ചിരുന്നുവെങ്കിലും, ഇവയിൽ പലതും നിലവിൽ പിൻവലിക്കുന്ന സാഹചര്യമാണുള്ളത്.

മെറ്റയുടെ ശ്രദ്ധ Metaverse ഉൽപ്പന്നങ്ങളിലേക്ക്

സമൂഹമാധ്യമങ്ങളുടെ ഭാവി മെറ്റാവേഴ്സിലാണെന്ന് പറയുന്നതിനാൽ തന്നെ കമ്പനി പ്രവർത്തനങ്ങൾ കേന്ദ്രീകരിക്കുന്നതും മെറ്റാവേഴ്സിലാണ്. മെറ്റാവേഴ്സ് (Metaverse) എന്നാൽ, വെർച്വൽ റിയാലിറ്റിയെ അടിസ്ഥാനമാക്കിയുള്ള ഒരു ഇന്റർനെറ്റ് എന്ന് പറയാം. റോയിട്ടേഴ്‌സ് പോലുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, കമ്പനി സമീപകാലത്ത്  പിരിച്ചുവിട്ട ജീവനക്കാരിൽ 46 ശതമാനവും ടെക്‌നിക്കൽ വിഭാഗത്തിലുള്ളവരാണ്. അതുപോലെ, മെറ്റ നിലവിൽ ക്വസ്റ്റ് പ്രൊ ഹെഡ്സെറ്റിനായും മറ്റ് ഓഗ്‌മെന്റഡ്, വെർച്വൽ റിയാലിറ്റി പ്രോജക്ടുകളിലുമാണ് സജീവമായി പ്രവർത്തിക്കുന്നത്. 

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :