മടക്കാം, വളച്ചൊടിക്കാം, വലിച്ചുനീട്ടാം; LG അവതരിപ്പിക്കുന്നു HD സ്ട്രെച്ചബിൾ ഡിസ്‌പ്ലേ

Updated on 17-Nov-2022
HIGHLIGHTS

12 ഇഞ്ച് വലിപ്പമുള്ള പാനല്‍ 14 ഇഞ്ച് വരെ വലിച്ചു നീട്ടാം

100 പിക്‌സല്‍ റെസല്യൂഷൻ ഉള്ളതാണ് ഡിസ്‌പ്ലേ പാനല്‍

40μmന് താഴെ പിക്‌സൽ പിച്ചുള്ള ഒരു മൈക്രോ-എൽഇഡി ലൈറ്റ് സോഴ്‌സ് ഇതിൽ ഉപയോഗിക്കുന്നു

അത്യാധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള സ്‌മാർട്ട്‌ഫോണുകളുടെ കാലമാണിത്. ഏറ്റവും അപ്-ടു-ഡേറ്റായ  ഫീച്ചറുകൾ ഉപയോഗിച്ചുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങാനാണ് എല്ലാവരും താൽപ്പര്യപ്പെടുന്നതും. ഇത്തരത്തിൽ നൂതനമായ ഡിസ്പ്ലേ സാങ്കേതികവിദ്യ കൊണ്ടുവരുന്നതിൽ വിശ്വസ്തത കൈവരിച്ച കമ്പനിയാണ് എൽജി (LG). ഡിസ്പ്ലേയുടെ വലിപ്പത്തിലും ആകൃതിയിലുമെല്ലാം ഇവർ എപ്പോഴും പുതുമ അവതരിപ്പിക്കാറുണ്ട്. ഈയിടെ  മടക്കാനും വളച്ചൊടിക്കാനും കഴിയുന്ന സ്ക്രീനുള്ള ഫോണുകൾ പല കമ്പനികളും പുറത്തിറക്കിയിരുന്നു. എന്നാൽ ആവശ്യാനുസൃതം മടക്കാനും വളച്ചൊടിക്കാനും മാത്രമല്ല, വലിച്ചുനീട്ടാനും കഴിയുന്ന സ്ക്രീനുളള മോഡലുകളാണ് എൽജി പുതിയതായി അവതരിപ്പിക്കുന്നത്.

എൽജിയുടെ സ്ട്രെച്ചബിൾ ഡിസ്‌പ്ലേ (LG's stretchable display); സവിശേഷതകൾ

ഫ്രീ-ഫോം സാങ്കേതികവിദ്യ (free-form technology) ഉപയോഗിച്ചാണ് ഡിസ്പ്ലേ നിർമിച്ചിരിക്കുന്നത്. ഇതിന്റെ 12 ഇഞ്ച് വലിപ്പമുള്ള പാനല്‍ 20 ശതമാനം വരെ നീട്ടാനും 14 ഇഞ്ച് വലുപ്പത്തിലേക്ക് മാറ്റാനും കഴിയും. അതുപോലെ തിരികെ 12 ഇഞ്ചിലേക്ക് എത്തിക്കാനുള്ള സൗകര്യവുമുണ്ട്. കോൺടാക്റ്റ് ലെൻസുകളിൽ ഉപയോഗിക്കുന്ന പ്രത്യേക സിലിക്കൺ കൊണ്ട് നിർമിച്ച ഉയർന്ന പ്രതിരോധശേഷിയുള്ള ഫിലിം-ടൈപ്പ് സബ്‌സ്‌ട്രേറ്റിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഡിസ്‌പ്ലേ.

40 മൈക്രോമീറ്ററിൽ (40μm) താഴെ പിക്സൽ പിച്ചുള്ള മൈക്രോ-എൽഇഡി (micro-LED) ലൈറ്റ് സോഴ്‌സാണ് ഇതിൽ ഉപയോഗിച്ചിട്ടുള്ളത്. പരമ്പരാഗത ലീനിയർ വയർഡ് സിസ്റ്റത്തിൽ നിന്ന് വ്യത്യസ്തമായി, സ്ട്രെച്ചബിൾ ഡിസ്‌പ്ലേയുടെ ഫ്ലെക്സിബിൾ എസ്-ഫോം സ്പ്രിങ് വയർഡ് സിസ്റ്റത്തിന്റെ ഒപ്റ്റിമൽ ഘടനയാണ് ഇത്തരത്തിൽ വലിച്ച് നീട്ടാനുള്ള ഗുണങ്ങൾ നൽകുന്നത്. ഇത്തരത്തിലുള്ള സാങ്കേതികവിദ്യയുടെ പ്രയോഗങ്ങൾ പരിധിയില്ലാത്തതാണ്. പൂര്‍ണമായി ആര്‍ജിബി സപ്പോര്‍ട്ട് ചെയ്യുന്ന ഏകദേശം 100 പിക്‌സല്‍ റെസല്യൂഷൻ ഉള്ളതാണ് ഡിസ്‌പ്ലേ പാനല്‍. ഓട്ടോമൊബൈല്‍സിൽ മാത്രമല്ല, വസ്ത്രങ്ങള്‍, ഫര്‍ണിച്ചറുകള്‍, എയര്‍ക്രാഫ്റ്റുകള്‍ എന്നിവയിലും ഫ്രീ-ഫോം സാങ്കേതികവിദ്യ ഉൾപ്പെടുത്തിയിട്ടുള്ള ഈ ഡിസ്പ്ലേ ഉപയോഗിക്കാനാകും. 

സാങ്കേതിക വിദ്യാരംഗത്ത് മാറ്റത്തിന് നേതൃത്വം നൽകുന്ന പ്രവർത്തനങ്ങളാണ് എൽജി നിരന്തരം അവതരിപ്പിക്കുന്നതെന്ന് എൽജി ഡിസ്‌പ്ലേ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും സിടിഒയുമായ സൂ-യംഗ് യൂൻ അഭിപ്രായപ്പെട്ടു. കൊറിയൻ ഡിസ്‌പ്ലേ സാങ്കേതികവിദ്യയുടെ മത്സരക്ഷമത വർധിപ്പിക്കുന്നതിനായി തങ്ങൾ ഈ പ്രോജക്റ്റ് വിജയകരമായി പൂർത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :