kerala police cyber cell got online scam call cinema style action against fraud watch video
Online Scam Call Kerala Police: ക്യാ ദേഖോ, യേ സൈബർ സെൽ ഹേ ഭായ്! വെർച്വൽ അറസ്റ്റെന്ന പേരിൽ പണം തട്ടുന്ന ഓൺലൈൻ തട്ടിപ്പുകാർക്ക് പറ്റിയ അമളിയാണ് രസകരമായ പുതിയ വാർത്ത. കിട്ടുന്ന നമ്പരിലൊക്കെ വിളിച്ച് ആളുകളെ പറ്റിച്ച്, പണം തട്ടുന്ന വ്യാജന്മാർക്ക് കേരള പൊലീസിന്റെ മാസ് ആക്ഷൻ. കടുവയെ പിടിച്ച കിടുവ എന്ന് പറയാം, ബുദ്ധിപരമായി നീങ്ങിയ സൈബർ പൊലീസിന്റെ നടപടി.
ഇന്ന് ഏറ്റവും വ്യാപകമായി നടക്കുന്ന Scam ആണ് Virtual Arrest. പൊലീസെന്നും സിബിഐയെന്നും തെറ്റിദ്ധരിപ്പിച്ച് വേഷം കെട്ടി ഇവർ ഓൺലൈനിൽ വരും. ശേഷം ആളുകളെ പരിഭ്രാന്തരാക്കി പണം തട്ടിയെടുക്കും. ഇങ്ങനെ മുംബൈ പൊലീസാണെന്ന് പറഞ്ഞ് ഫോൺ കോൾ ചെയ്തത് സാക്ഷാൽ സൈബർ സെല്ലിനെയാണ്. നമ്മുടെ തൃശൂർ സൈബർ പൊലീസിനെ വിളിച്ച വ്യാജന്മാർക്ക് സംസാരിക്കുന്നത് പൊലീസാണെന്ന് മനസിലായില്ല.
തൃശൂർ പൊലീസ് സൈബർ സെൽ എസ്.ഐ ഫിസ്‌റ്റോ ടി.ഡിയാണ് ഇവരെ ബുദ്ധിപൂർവ്വം നേരിട്ടത്. നിങ്ങളെ വെർച്വൽ അറസ്റ്റ് ചെയ്തെന്നും, ക്യാമറ ഓണാക്കി വയ്ക്കണമെന്നും തട്ടിപ്പുകാർ പറഞ്ഞു. എന്നാൽ തന്റെ ഫോണിന്റെ ക്യാമറ ശരിയല്ലെന്ന് എസ്ഐ പറഞ്ഞു. പറ്റില്ല, ഫോൺ ക്യാമറ ഓണാക്കണമെന്നായി സൈബർ കുറ്റവാളികളുടെ ആവശ്യം. പൊലീസ് കുപ്പായമണിഞ്ഞ്, ഉദ്യോഗസ്ഥനെന്ന് തോന്നിപ്പിക്കുന്ന വിധമാണ് തട്ടിപ്പുകാരൻ വീഡിയോ കോളിൽ വന്നത്.
എങ്കിൽ പിന്നെ അവനെ മുഖം കാണിച്ചേക്കാമെന്നായി കേരള പൊലീസും. വീഡിയോ ഓണാക്കിയപ്പോഴാകട്ടെ ശരിക്കുള്ള പൊലീസിനാണ് കോൾ പോയതെന്ന് കള്ളനറിഞ്ഞു. കടുവയെ പിടിച്ച കിടുവ എന്ന പോലെയായി. പൊലീസ് കണ്ട് ഞെട്ടിയ കള്ളൻ നമസ്‌കാരം പറഞ്ഞ് തടി തപ്പാൻ നോക്കി.
അപ്പോഴാണ് നമ്മുടെ എസ്.ഐ ഫിസ്‌റ്റോയുടെ മാസ് ഡയലോഗ്. “യേ കാം ഛോട്‌ദോ ഭായ്. നിങ്ങളുടെ ലൊക്കേഷനും ഐപി അഡ്രസുമെല്ലാം ഞങ്ങടെ കയ്യിൽ കിട്ടിയിട്ടുണ്ട്. യേ സൈബർ സെൽ ഹേ ഭായ്! ക്യാ ദേഖോ, സൈബർ സെൽ ഹേ ഭായ്.” മൂർഖനെയാണല്ലോ ചവിട്ടിയെന്ന് മനസിലാക്കി തട്ടിപ്പുകാരൻ കോൾ കട്ടാക്കി മുങ്ങി.
ഇനിയെങ്കിലും ഈ പണി നിർത്തിക്കോ, നിങ്ങളുടെ വിവരങ്ങളെല്ലാം ഞങ്ങൾക്ക് കിട്ടിയെന്നാണ് പൊലീസ് പറഞ്ഞത്. സൈബർ കുറ്റവാളികളെ ബുദ്ധിപരമായി നേരിട്ട സിഐയും പൊലീസിനും അഭിനന്ദനപ്രവാഹമാണ്. അമ്പട…. ഇതാണ് പോലീസ് എന്ന് കമന്റുകളും വന്നു.
സാധാരണക്കാരനെ വിളിക്കുന്ന പോലെയല്ല സൈബർ പൊലീസിനെ വിളിച്ചാൽ കെണി വയ്ക്കുന്നവന്മാർക്ക് പണി കിട്ടുക. എളുപ്പത്തിൽ അവരുടെ കോൾ ട്രാക്ക് ചെയ്യാനും, ഐപി അഡ്രസ് കണ്ടെത്താനും സാധിക്കും.
ഇത്തരം കോളുകൾ നിങ്ങൾക്ക് വന്നാൽ ഉടനടി ബന്ധപ്പെടാനുള്ള നമ്പരും കേരള പൊലീസ് അറിയിച്ചു. സൈബർ സെല്ലിന്റെ 1930 എന്ന നമ്പരിലൂടെ വ്യാജ കോളുകൾ രജിസ്റ്റർ ചെയ്ത് പരാതി അറിയിക്കാം.