Viral Robot Dog
IPL 2025-ലെ Viral താരം ഒരു Robot Dog ആണ്. ശരിക്കും ഒരു നായയെപ്പോലെ നടക്കാനും ഓടാനും ചാടാനും ആളുകളോട് കൊഞ്ചിക്കുഴയാനുമെല്ലാം കെൽപ്പുള്ളവനാണ് ഇവൻ. ആളൊരു യന്ത്രനായയാണെങ്കിലും പിൻകാലുകളിൽ നിൽക്കാനും സാധിക്കും. ഈ വർഷം ഐപിഎൽ ബ്രോഡ്കാസ്റ്റിങ്ങിൽ റോബോട്ട് നായ എത്തിയതോടെ, ഐപിഎൽ ആരാധകരുടെ മുഴുവൻ ശ്രദ്ധയും ആളിലേക്ക് തന്നെ.
ഡാനി മോറിസൺ ആണ് ഇങ്ങനെയൊരു നായയെ കാണികൾക്ക് മുന്നിലേക്ക് അവതരിപ്പിച്ചത്. ഈ ഐപിഎല്ലിലെ പുതിയ അംഗമെന്ന് വിശേഷിപ്പിച്ചാണ് കക്ഷിയെ പരിചയപ്പെടുത്തിയത്. എന്തിനായിരിക്കും വിശ്വവിഖ്യാതമായ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരു റോബോട്ട് നായയെ ഇറക്കിയതെന്നാണോ നിങ്ങളുടെ ആകാംക്ഷ? എങ്കിൽ അതിനും ചില കാരണങ്ങളുണ്ട്.
ഈ റോബോട്ട് നായയുടെ ഉദ്ദേശം ഗ്രൗണ്ടിലെ സംഭവവികാസങ്ങളെല്ലാം ഒപ്പിയെടുക്കുക എന്നതാണ്. ഇതിനായി നായയിൽ ഒരു ക്യാമറയും ഘടിപ്പിച്ചിട്ടുണ്ട്. താരങ്ങളുടെ പരിശീലനവും വിശ്രമവേളകളും ക്രിക്കറ്റുമെല്ലാം പകർത്താനുള്ള ക്യാമറയാണ് ഈ റോബോട്ട് ഡോഗ്.
സ്പോർട്സ് പ്രക്ഷേപണം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് ഈ കക്ഷി സഹായിക്കും. ക്രിക്കറ്റ്, എഫ്1, ബാസ്കറ്റ്ബോൾ, ഫുട്ബോൾ എന്നിവയെല്ലാം പുതിയ രീതിയിലുള്ള അവതരണത്തിലൂടെ കടന്നുപോവുകയാണ്. ടെക്നോളജി വളരും തോറും അത് അവതരിപ്പിക്കുന്നതിലും വ്യത്യാസം വരുന്നു. റോബോട്ട് ഡോഗിനെ ഉപയോഗിച്ച് വിഷ്വൽസ് പകർത്തി, ബ്രോഡ്കാസ്റ്റ് നടത്തുന്നതിലും ഈ മികവ് കാണാം.
മൂക്ക് വെച്ചിരിക്കുന്ന സ്ഥലത്താണ് ക്യാമറ ഘടിപ്പിച്ചിരിക്കുന്നത്. ഇതൊരു പ്രദർശന വസ്തുവായും ഐപിഎല്ലിൽ തിളങ്ങുന്നുണ്ട്. എന്നാലും ക്യാമറാമാന്റെ പണിയാണ് മുഖ്യം. ഓടാനും ചാടാനുമെല്ലാം കഴിയും. ഏപ്രിൽ 13-ന് മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള മത്സരത്തിനിടെയാണ് ആദ്യമായി നായയെ അവതരിപ്പിച്ചത്. ശരിക്കും പ്രീമിയർ ലീഗ് ആരാധകരെയും കളിക്കാരെയും റോബോ നായ അമ്പരപ്പിച്ചു.
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ എംഎസ് ധോണിയും ഹാർദിക് പാണ്ഡ്യയുമടക്കമുള്ളവർക്ക് ചുറ്റും റോബോട്ടിക് നായ തന്റെ ക്യാമറ കണ്ണുകളുമായി ഓടുന്ന വീഡിയോയുണ്ട്. വീഡിയോ പകർത്താൻ വന്ന റോബോ നായയെ ധോണി പതുക്കെ ഒരു വശത്തേക്ക് തള്ളിക്കിടത്തുന്നത് വീഡിയോയിൽ കാണാം. ശരിക്കും ധോണി കൂളിൽ നായയ്ക്ക് പിടിച്ചുനിൽക്കാനായില്ല. മത്സരശേഷം കളിക്കളത്തിലെ റോബോ ക്യാമറാമാന് ക്യാപ്റ്റൻ കൂൾ കൈ കൊടുക്കുന്നതും കാണാം. വീഡിയോ ഇതിനകം വൈറലാവുകയും ചെയ്തു.
POV അഥവാ പോയിന്റ് ഓഫ് വ്യൂ ഷോട്ടുകൾക്ക് റോബോ-നായ ടെക്നോളജി ഉപയോഗിക്കുന്നു. GoPro (ഗോപ്രോ) പോലുള്ള ആക്ഷൻ ക്യാമറയ്ക്ക് ഇത് സമാനമാണ്. കളിക്കാരുടെ പരിശീലന സെഷനുകളും അവരുടെ പിന്നാലെ പോയി ഷോട്ടുകൾ പകർത്തുന്നതിനുമെല്ലാം ഈ ക്യാമറ ടെക്നോളജി മികവുറ്റതാണ്.
ഏത് തരത്തിലുള്ള ക്യാമറയാണ് റോബോ-നായയിൽ ഉപയോഗിച്ചിരിക്കുന്നതെന്ന് ഇതുവരെയും ഐപിഎൽ ടീം വിശദീകരിച്ചിട്ടില്ല.
ക്യാമറയുടെ സാങ്കേതിക പരിശോധിക്കുമ്പോൾ ക്ലോസ്-അപ്പ് ഷോട്ടുകൾക്ക് അത് അനുയോജ്യമായേക്കും. ഇത് ഒരു ഗിംബൽ പോലെ ഘടിപ്പിച്ചിട്ടുണ്ടെങ്കിലും ഗിംബൽ തന്നെയാണോ എന്ന് സ്ഥിരീകരിക്കാറായിട്ടില്ല.