ലോകത്തെ 50% ഐഫോണുകളും ഇന്ത്യയിൽ നിർമിക്കുമെന്ന് റിപ്പോർട്ട്

Updated on 18-Jan-2023
HIGHLIGHTS

കഴിഞ്ഞ വർഷം ആഗോളതലത്തിൽ 85 ശതമാനം ഐഫോണുകളും നിർമിച്ചത് ചൈനയാണ്

എന്നാൽ ചൈനയ്ക്ക് പുറത്ത് കൂടുതൽ നിർമാണകേന്ദ്രങ്ങൾ തുടങ്ങാൻ കമ്പനി പദ്ധതിയിടുന്നു

ഇന്ത്യയും വിയറ്റ്നാമുമാണ് പ്രധാന കേന്ദ്രങ്ങളാവുക

ഇന്ത്യയിൽ ഐഫോൺ നിർമിക്കാൻ ഒരുങ്ങുന്ന വാർത്ത വലിയ സ്വീകാര്യതയോടെയാണ് ആപ്പിൾ ഉപഭോക്താക്കൾ ഏറ്റെടുത്തിരിക്കുന്നത്. യുഎസ് ആസ്ഥാനമായുള്ള ടെക് ഭീമന്മാർ എന്നാൽ ഐഫോൺ നിർമാണം ഇന്ത്യയിൽ (iPhone manufacture in India) വെറുമൊരു പരീക്ഷണമായല്ല കണക്കാക്കുന്നത്. അതായത്, ആപ്പിൾ ഫോണുകളുടെ ഉത്പാദനം ഇനിയും കമ്പനി വർധിപ്പിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ലോകത്തിലെ പകുതിയിൽ അധികം ഐഫോണുകളും ഇന്ത്യയിൽ നിന്ന്

സൗത്ത് ചൈന മോണിങ് പോസ്റ്റിൽ നിന്നുള്ള ഒരു റിപ്പോർട്ട് പറയുന്നത് അനുസരിച്ച് 2027 ആകുമ്പോഴേക്കും ഇന്ത്യയിൽ ഐഫോൺ (iPhone in India) ഉൽപ്പാദനം 50 ശതമാനമായി ഉയരുമെന്നാണ്. ഇപ്പോൾ ഇതിന്റെ പ്രാരംഭ നടപടികൾ കമ്പനി ആരംഭിച്ചുകഴിഞ്ഞു. നിലവിൽ 5 ശതമാനത്തിൽ താഴെയാണ് ഇന്ത്യയിൽ ഐഫോൺ നിർമിക്കുന്നത്.
ചൈന കോവിഡിനെ തുടർന്ന് കൊണ്ടുവന്ന നിയന്ത്രണങ്ങൾ iPhoneന് ഇന്ത്യയിൽ നിർമാണകേന്ദ്രം തുടങ്ങുന്നതിനും പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനും കാരണമായി. ചൈനയ്ക്ക് പുറത്ത് കൂടുതൽ ഉൽപ്പാദന വിതരണ ശൃംഖല വ്യാപിപ്പിക്കാനുള്ള Appleന്റെ ശ്രമങ്ങളുടെ ഫലം ഏറ്റവും കൂടുതൽ ലഭിക്കുന്നത് ഇന്ത്യയ്ക്കും വിയറ്റ്നാമിനുമാണ് എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ചൈനയും ആപ്പിളും കോവിഡും

കഴിഞ്ഞ വർഷം ആഗോളതലത്തിൽ 85 ശതമാനം ഐഫോണുകളും നിർമിച്ച രാജ്യമാണ് ചൈന. കോവിഡ് -19ന് എതിരെ ചൈന സ്വീകരിച്ച സമീപനം Apple ഉൽപ്പന്നങ്ങളുടെ, പ്രത്യേകിച്ച് ഐഫോണിന്റെ ഉൽപാദനത്തെ തടസ്സപ്പെടുത്തി. കഴിഞ്ഞ നവംബറിൽ ഷെങ്‌ഷൗവിൽ കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ഫോക്‌സ്‌കോണിന്റെ ഏറ്റവും വലിയ അസംബ്ലി പ്ലാന്റ് അടച്ചുപൂട്ടുകയുണ്ടായി. ഇത് ആപ്പിൾ ഫോണുകളുടെ കയറ്റുമതി വർധിപ്പിക്കുന്നതിനും വഴിയൊരുക്കി.

എന്നിരുന്നാലും, ഐഫോണുകളുടെ വിൽപ്പന താഴേയ്ക്ക് പോയില്ലെന്ന് മാത്രമല്ല, ആപ്പിളിന്റെ പ്രധാന വിപണിയായി ചൈന തുടരുന്നുമുണ്ട്. ചൈനയിലും ഇന്ത്യയിലും iPhone 15 സീരീസിനായി ആപ്പിൾ ഒരേസമയം ഉൽപ്പാദനം ആരംഭിക്കുമെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അതേ സമയം, ദക്ഷിണേന്ത്യയിലെ Apple പ്ലാന്റ് ഏറ്റെടുക്കുന്നതിന് ടാറ്റ ഗ്രൂപ്പ് തയ്യാറെടുക്കുന്നു എന്നും സൂചനകളുണ്ട്. ഈ കരാർ പ്രാവർത്തികമാകുകയാണെങ്കിൽ, ഐഫോൺ ഉൽപ്പാദനത്തിനായി രാജ്യത്ത് ഫോക്‌സ്‌കോണും വിസ്‌ട്രോണും നൽകുന്ന പിന്തുണയ്‌ക്ക് പുറമേ, ഐഫോണുകൾക്കായി ആപ്പിളിന് ഒരു പ്രാദേശിക വിതരണക്കാരനെയും ലഭിക്കുന്നതായിരിക്കും.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :