google youtube down
Google, YouTube തകരാറായെന്ന് വ്യാപകമായ പരാതി. യുഎസ് ആസ്ഥാനമായുള്ള ഗൂഗിളിന്റെ പല പ്ലാറ്റ്ഫോമുകളിലും പ്രശ്നം നേരിടുന്നു. ഗൂഗിൾ സെർച്ച്, യൂട്യൂബ്, യൂട്യൂബ് ടിവി ഉൾപ്പെടെയുള്ള ആപ്പുകൾക്ക് വലിയ തകരാർ നേരിടുന്നതായി റിപ്പോർട്ട്.
ഗൂഗിൾ പ്രവർത്തനങ്ങളിൽ തടസ്സം നേരിട്ടതായി ഔട്ടേജ് ട്രാക്കിംഗ് പ്ലാറ്റ്‌ഫോമായ ഡൗൺഡിറ്റക്ടറിൽ പരാതികൾ റിപ്പോർട്ട് ചെയ്യുന്നു. ഇതുവരെ 11,000-ത്തിലധികം പരാതികൾ ഉപയോക്താക്കൾ രജിസ്റ്റർ ചെയ്തു. ഗൂഗിളിൽ ആവശ്യങ്ങൾ സെർച്ച് ചെയ്യാനോ, യൂട്യൂബിൽ വീഡിയോകൾ സെർച്ച് ചെയ്യാനോ സാധിക്കുന്നില്ല. അതുപോലെ യൂട്യൂബിൽ വീഡിയോ ലോഡ് ചെയ്യാനോ ലൈവ് ടിവി സ്ട്രീമുകൾ ആക്‌സസ് ചെയ്യാനോ കഴിയുന്നില്ലെന്നും പരാതി വരുന്നുണ്ട്.
ഗൂഗിളിൽ പ്രശ്നം ആരംഭിച്ചതിന് പിന്നാലെ ഇത് തങ്ങളുടെ ഫോണിൽ മാത്രമുള്ള തകരാറാണോ എന്ന് പലരും സംശയിച്ചു. എന്നാൽ അതിനുള്ളിൽ തന്നെ ഗൂഗിൾ സെർച്ചിലെ സാങ്കേതിക തടസ്സത്തെ കുറിച്ച് സോഷ്യൽ മീഡിയയിലും ഡൗൺഡിറ്റക്ടറിലും പരാതി റിപ്പോർട്ട് ചെയ്യാൻ തുടങ്ങി.
ഇപ്പോൾ ആരംഭിച്ച സാങ്കേതിക പ്രശ്‌നത്തിന് കാരണം എന്താണെന്നോ, സേവനങ്ങൾ എപ്പോൾ പൂർണമായും പുനഃസ്ഥാപിക്കപ്പെടുമെന്നോ ഗൂഗിൾ ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
ഡൗൺഡിറ്റക്ടറിൽ ലഭ്യമായ ഡാറ്റ പ്രകാരം, ഏകദേശം 73 ശതമാനം ആളുകൾ പരാതിപ്പെട്ടത് വെബ്‌സൈറ്റിലെ പ്രശ്‌നത്തിനാണ്. മൊത്തം 18 ശതമാനം പേർ വീഡിയോ സ്ട്രീമിംഗിൽ പ്രശ്‌നങ്ങൾ നേരിടുന്നതായി പരാതിപ്പെട്ടു. ബാക്കിയുള്ള 9 ശതമാനം ആളുകൾ യൂട്യൂബ് ആപ്പിലും പ്രശ്‌നങ്ങൾ നേരിടുന്നതായി പറഞ്ഞു.