FIFA World Cup 2022; മെസിയ്ക്കും എംബാപ്പയ്ക്കുമൊപ്പം റെക്കോഡിട്ട് ഗൂഗിളും

Updated on 04-Apr-2023
HIGHLIGHTS

ഫിഫ ലോകകപ്പിൽ ചരിത്രം കുറിച്ച് ഗൂഗിൾ സെർച്ച്.

റെക്കോഡ് നേട്ടം കൈവരിച്ച സന്തോഷം സുന്ദർ പിച്ചൈ ട്വിറ്ററിൽ പങ്കുവച്ചു.

25 വർഷത്തിനിടെ ഗൂഗിൾ നേടിയ റെക്കോഡ് നേട്ടം എന്തെന്ന് ചുവടെ വിവരിക്കുന്നു.

ഖത്തറിൽ മെസ്സി (Messi) ലോകകപ്പിൽ (Worldcup) മുത്തമിടുന്ന നിമിഷത്തിന് വേണ്ടിയാണ് ഞായറാഴ്ച സൂര്യനുദിച്ചത്. ലോകകപ്പ് തങ്ങളുടെ തട്ടകത്തിൽ എത്തിച്ച് മെസ്സിയ്ക്ക് രാജകീയമായ യാത്രയയപ്പ് അർജന്റീന നൽകിയപ്പോൾ ഭൂഗോളം മുഴുവൻ ഒരു പന്തിന് കീഴിലേക്ക് ചുരുങ്ങുകയായിരുന്നു. എന്നാൽ മറുവശത്ത് ഫ്രാൻസിന് വേണ്ടി എംബാപ്പെ (Mbappe) നടത്തിയ പോരാട്ടവും പ്രശംസനാർഹമാണ്. ലോകകപ്പ് ഫൈനലിന് ആവശ്യമായ എല്ലാ ചേരുവകളും ഒത്തുചേർന്നതായിരുന്നു ഫിഫ ലോകകപ്പ് 2022(FIFA Worldcup 2022)ലെ കിരീടത്തിന് വേണ്ടിയുള്ള പോരാട്ടമെന്ന് പറയാം.

ലോകം മുഴുവൻ ഒരൊറ്റ കാര്യം തിരഞ്ഞു….

ഗോൾഡൻ ബൂട്ട് നേടിയ എംബാപ്പെയും സിൽവർ ബൂട്ട് നേടിയ മെസ്സിയും ഫിഫ ലോകകപ്പിൽ (FIFA Worldcup) ചരിത്രം കുറിച്ചപ്പോൾ, മറ്റൊരു റെക്കോഡിനും ഞായറാഴ്ച സാക്ഷ്യം വഹിച്ചു. 36 വർഷങ്ങൾക്ക് ശേഷം ലോകകിരീടം നേടിയ അർജന്റീനയെ പോലെ, കഴിഞ്ഞ 25 വർഷത്തിനിടെ ഏറ്റവും ഉയർന്ന ട്രാഫിക് എന്ന നേട്ടമാണ് ഗൂഗിൾ സ്വന്തമാക്കിയത്. ലോകം മുഴുവൻ ഗൂഗിളിൽ അന്വേഷിച്ചതും ഒരേയൊരു കാര്യമാണെന്നും, അത് ഫിഫ ലോകകപ്പ് ഫൈനലായിരുന്നുവെന്നും ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈ ( Sundar Pichai) ട്വിറ്ററിലൂടെ അറിയിച്ചു.

'25 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ട്രാഫിക് ആണ് ഗൂഗിൾ സെർച്ച് രേഖപ്പെടുത്തിയത്. #FIFAWorldCup ഫൈനൽ സമയത്ത് ലോകം മുഴുവൻ ഒരു കാര്യത്തെക്കുറിച്ച് അന്വേഷിക്കുന്നത് പോലെയായിരുന്നു,' പിച്ചൈ ട്വീറ്റ് ചെയ്തു. ഇങ്ങനെ ലോകകപ്പ് ഫൈനലിൽ ഗൂഗിൾ സെർച്ചും റെക്കോഡ് നേട്ടം കൈവരിക്കുകയായിരുന്നു. ഫൈനലിൽ അർജന്റീനയും ഫ്രാൻസും നന്നായി കളിച്ചുവെന്നും എക്കാലത്തെയും മികച്ച മത്സരങ്ങളില്‍ ഒന്നായിരുന്നു ഫൈനല്‍ പോരാട്ടമെന്നും സുന്ദർ പിച്ചൈ ട്വീറ്റിൽ പറഞ്ഞു.

https://twitter.com/sundarpichai/status/1604693748767608832?ref_src=twsrc%5Etfw

ലോകകപ്പിനൊപ്പം ഗൂഗിൾ കൈവരിച്ച റെക്കോഡിന്റെ സന്തോഷം പിച്ചൈ ട്വിറ്ററിലൂടെ അറിയിച്ചപ്പോൾ, ലെക്‌സ് ഫ്രിഡ്‌മാൻ പോഡ്‌കാസ്റ്റിന്റെ അവതാരകനും യുഎസിലെ മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (എംഐടി) ഗവേഷണ ശാസ്ത്രജ്ഞനുമായ ലെക്‌സ് ഫ്രിഡ്‌മ ട്വീറ്റിനോട് പ്രതികരിച്ചു. കാൽപന്തിനോടുള്ള ഇഷ്ടം നൂറ് കോടിയിലധികം ജനങ്ങളെ ഒന്നിപ്പിക്കുകയായിരുന്നുവെന്നും, അതാണ് ഫുട്‌ബോളിന്റെ ഏറ്റവും മികച്ച സവിശേഷതയെന്നും ലെക്‌സ് ഫ്രിഡ്‌മ പറഞ്ഞു. ഫുട്ബോൾ എല്ലാവരെയും ഒന്നിപ്പിക്കുന്ന ഒരു യഥാർഥ ആഗോള ഗെയിമാണെന്നും അദ്ദേഹം ട്വീറ്റിൽ മറുപടിയായി കുറിച്ചു.

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :