മുഴുനീള കഥാപാത്രമായിരുന്നില്ലെങ്കിലും, പ്രേക്ഷകർ ഇഷ്ടപ്പെട്ട ജോഡിയായിരുന്നു 'കഥ തുടരുന്നു' എന്ന ചിത്രത്തിലെ ആസിഫ് അലി- മംമ്താ മോഹന്‍ദാസ് കോമ്പോ. ഏറെ കാലത്തിന് ശേഷം ആസിഫ് അലിയും മംമ്തയും വീണ്ടും പ്രണയ ജോഡിയായി എത്തിയ സിനിമയാണ് 'മഹേഷും മാരുതിയും' (Maheshum Marutiyum). പ്രശസ്ത തിരക്കഥാകൃത്ത് സേതു തിരക്കഥ രചിച്ച് സംവിധാനം ചെയ്ത മലയാള ചിത്രം OTTയിൽ പ്രദർശനം തുടങ്ങി.
ഫീൽ ഗുഡ് മൂവിയായി തിയേറ്ററിൽ നിന്ന് പ്രതികരണം നേടിയ ചിത്രം ഏപ്രിൽ 6 അർധരാത്രി മുതൽ സ്ട്രീമിങ് ആരംഭിച്ചു. മാരുതി കാറിനോടും ഗൗരി എന്ന പെണ്‍കുട്ടിയോടുമുള്ള നായകന്റെ ത്രികോണപ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. കുടുംബപ്രേക്ഷകർക്ക് ഇണങ്ങുന്ന രീതിയിൽ കഥാതന്തുവും നർമവും കലർത്തിയാണ് മഹേഷും മാരുതിയും ഒരുക്കിയിരിക്കുന്നത്. ചിത്രം ഇപ്പോഴിതാ ആമസോൺ പ്രൈമിലാണ് (Amazon Prime) ഒടിടി റിലീസിന് എത്തിയിരിക്കുന്നത്.
മണിയന്‍ പിള്ള രാജു, വിജയ് ബാബു, പ്രേംകുമാര്‍, വിജയ് നെല്ലീസ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ഹരി നാരായണനാണ് ചിത്രത്തിന്റെ ഗാനരചന. സംഗീതം പകർന്നിരിക്കുന്നത് കേദാറാണ്. മണിയന്‍ പിള്ള രാജുപ്രൊഡക്ഷന്‍സിന്റെയും വിഎസ്എല്‍ ഫിലിംഹൗസിന്റയും ബാനറില്‍ മണിയന്‍ പിള്ള രാജുവാണ് ചിത്രം നിർമിച്ചിരിക്കുന്നത്.