ആപ്പിളിന്റെ AR/VR ഹെഡ്സെറ്റുകൾ 2023ലെത്തും; വിലയും മറ്റ് വിവരങ്ങളും

Updated on 17-Nov-2022
HIGHLIGHTS

ആപ്പിളിന്റെ മിക്സഡ് റിയാലിറ്റി ഹെഡ്സെറ്റിന്റെ വൻതോതിലുള്ള ഉൽപ്പാദനം 2023 മാർച്ച് മാസത്തോടെ ആരംഭിക്കും

ഏകദേശം രണ്ട് ലക്ഷം രൂപയായിരിക്കും ഇതിന്റെ വില

വിലക്കുറവിൽ ആപ്പിൾ ഹെഡ്സെറ്റുകൾ ലഭ്യമാകുന്നതിനുള്ള മറ്റൊരു ഓപ്ഷനും അറിയാം

മെറ്റാവേഴ്‌സിലെ കൂടുതൽ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനോട് അനുബന്ധിച്ച് ഈ വർഷമോ അടുത്ത വർഷമോ ഒരു എആര്‍ ഹെഡ്‌സെറ്റ് (Augmented Reality headset) ആപ്പിൾ (Apple) അവതരിപ്പിക്കുമെന്ന് നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ, ടെക് ഭീമന്മാരായ ആപ്പിൾ നിർമിക്കുന്ന AR/VR ഹെഡ്‌സെറ്റുകളുടെ സവിശേഷതകളെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.  ഒപ്പം ഇതെന്നാണ് വിപണിയിൽ എത്തുക എന്നത് സംബന്ധിച്ചും ചില സൂചനകൾ ലഭിക്കുന്നുണ്ട്.

ആപ്പിളിന്റെ മിക്സഡ് റിയാലിറ്റി ഹെഡ്സെറ്റ് 2023ൽ ലോഞ്ച് ചെയ്യുമെന്നാണ് പറയുന്നത്. ഇതുവരെ ഇതിനെ കുറിച്ചുള്ള വിശദവിവരങ്ങൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഹെഡ്സെറ്റിന്റെ സവിശേഷതകളെ കുറിച്ചും റിലീസ് ടൈംലൈനെ കുറിച്ചും നിരവധി റിപ്പോർട്ടുകളാണ് ലഭിക്കുന്നത്.

ആപ്പിളിന്റെ AR/VR ഹെഡ്‌സെറ്റുകൾ (AR/VR headset) അടുത്ത വർഷം വിപണിയിൽ

2023 മാർച്ച് മാസത്തോടെ ആപ്പിൾ ഹെഡ്‌സെറ്റിന്റെ വൻതോതിലുള്ള നിർമാണത്തിലേക്ക് കമ്പനി കടക്കുമെന്ന് ചില റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. ഹെഡ്സെറ്റിന്റെ വിലയെ കുറിച്ചും ലോഞ്ച് എപ്പോഴായിരിക്കും എന്നതിനെ കുറിച്ചും ഇവയിൽ പ്രതിപാദിക്കുന്നുണ്ട്. ഇതനുസരിച്ച്, നിലവിൽ കമ്പനി അതിന്റെ ആദ്യത്തെ മിക്സഡ് റിയാലിറ്റി ഹെഡ്‌സെറ്റ് തയ്യാറാക്കുകയാണ്. N301 എന്നാണ് ഇതിന്റെ കോഡ്നെയിം.

ആപ്പിളിന്റെ പങ്കാളിയായ പെഗാട്രോണിനാണ് (Pegatron) ഹെഡ്‌സെറ്റ് നിർമിക്കുന്നതിനുള്ള ചുമതല. 2023 മാർച്ചിൽ ഹെഡ്സെറ്റിന്റെ വൻതോതിലുള്ള ഉൽപ്പാദനത്തിലേക്ക് കടക്കുമെന്നതിനാൽ തന്നെ, അതേ വർഷം അവസാനം തന്നെ ഉൽപ്പന്നം വിപണിയിലെത്തുമെന്നതാണ് പ്രതീക്ഷ. എന്നാൽ ഹെഡ്സെറ്റിന്റെ വില വളരെ ഉയർന്നതായിരിക്കുമെന്നാണ് സൂചന. അതായത്, ഇതിന് ഏകദേശം 2,000 ഡോളർ മുതൽ 2,500 ഡോളർ വരെ വില വരും. ഇന്ത്യൻ രൂപയിൽ ഏകദേശം രണ്ട് ലക്ഷത്തിന് മുകളിലാണി ഈ വില. ആപ്പിളിന്റെ മുൻനിര മാക്ബുക്കുകളുടെ വിലയ്ക്ക് തുല്യമാണിത്.

ആപ്പിളിന്റെ ഹെഡ്സെറ്റിന്റെ കയറ്റുമതി എന്നാൽ പരിമിതമായിരിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. നേരത്തെ ഏതാനും റിപ്പോർട്ടുകളിൽ ഉൽപ്പന്ന കയറ്റുമതി 2.5 ദശലക്ഷം യൂണിറ്റായിരിക്കുമെന്ന് സൂചിപ്പിച്ചപ്പോൾ, പുതിയ കണക്കുകൾ പ്രകാരം വാർഷിക കയറ്റുമതി ഏകദേശം 0.7 മുതൽ 0.8 ദശലക്ഷം യൂണിറ്റുകൾ മാത്രമായിരിക്കുമെന്നാണ് വ്യക്തമാക്കുന്നത്.

വിലയിൽ ആപ്പിൾ നൽകുന്ന മറ്റൊരു ഓപ്ഷൻ

എന്നാൽ ആപ്പിൾ ഹെഡ്സെറ്റിന്റെ വില കേട്ട് തല പുകയണ്ട. താരതമ്യേന കുറഞ്ഞ വിലയിൽ ആപ്പിൾ ഹെഡ്സെറ്റ് (Apple headset) വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി മറ്റൊരു ഓപ്ഷനും കമ്പനി വാഗ്ദാനം ചെയ്യുന്നു. അതായത്, ആപ്പിളിന്റെ വില കുറവുള്ള ഈ ഹെഡ്സെറ്റ് 2024ലോ അതിന് തൊട്ടടുത്ത വർഷത്തിലോ പുറത്തിറങ്ങും.  

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :