ആമസോണിലെ 20,000 തൊഴിലാളികളെ പിരിച്ചുവിടുന്നു!

Updated on 06-Dec-2022
HIGHLIGHTS

ആദ്യം 10,000 പേരെ പിരിച്ചുവിടാനായിരുന്നു തീരുമാനിച്ചിരുന്നത്.

വിതരണ കേന്ദ്രത്തിലെയും, ടെക്നോളജി സ്റ്റാഫ്, കോർപ്പറേറ്റ് എക്സിക്യൂട്ടീവുകൾ എന്നിവരെയും പിരിച്ചുവിടാനാണ് സാധ്യത.

ട്വിറ്റർ, മെറ്റ സ്ഥാപനങ്ങളും നേരത്തെ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.

പ്രമുഖ ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോൺ (Amazon) ജീവനക്കാരെ പിരിച്ചുവിടാനായി ഒരുങ്ങുന്നു. സ്ഥാപനത്തിലെ 20,000 പേരുടെ ജോലി നഷ്ടമാകുമെന്നാണ് റിപ്പോർട്ടുകൾ. ലോകത്തിന്റെ പല ഭാഗങ്ങളിലെ വിതരണകേന്ദ്രങ്ങളിലുള്ള ജീവനക്കാരെയാണ് പിരിച്ചുവിടുന്നതെന്നാണ് സൂചന. ആദ്യം 10,000 പേരെ പിരിച്ചുവിടാനാണ് തീരുമാനിച്ചിരുന്നതായും, പിന്നീട് ഇത് ഇരട്ടിയാക്കുകയായിരുന്നു എന്നുമാണ് ലഭിക്കുന്ന വിവരം. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് കമ്പനി ഇത്തരം നടപടിയിലേക്ക് നീങ്ങിയതെന്നും പറയുന്നു. 

ജീവനക്കാരെ പിരിച്ചുവിടൽ; ബാധിക്കുന്നത് ആരെയെല്ലാം?

വിതരണ കേന്ദ്രത്തിലെ തൊഴിലാളികൾക്ക് പുറമെ, ടെക്നോളജി സ്റ്റാഫ്, കോർപ്പറേറ്റ് എക്സിക്യൂട്ടീവുകൾ എന്നിവരെയും പിരിച്ചുവിടാനാണ് പദ്ധതി.  ആമസോൺ ജീവനക്കാരെ ലെവൽ 1 മുതൽ ലെവൽ 7 വരെയാണ് റാങ്ക് ചെയ്തിരിക്കുന്നത്. ഇതിൽ എല്ലാ തലങ്ങളിലുമുള്ള സ്റ്റാഫുകളുടെയും ജോലി ബാധിക്കപ്പെടാൻ സാധ്യതയുണ്ട്. ആമസോണിൽ നിന്ന് തൊഴിലാളികളെ കൂട്ടമായി പിരിച്ചുവിടാൻ സാധ്യതയുണ്ടെന്ന് നവംബർ പകുതിയോടെ NYT റിപ്പോർട്ട് ചെയ്തിരുന്നു. 
ഇരുപതിനായിരം ജീവനക്കാർ എന്നത് കോർപ്പറേറ്റ് സ്റ്റാഫിന്റെ ഏകദേശം 6 ശതമാനത്തിന് തുല്യമാണ്. കൂടാതെ ആമസോണിന്റെ മൊത്തം 1.5 ദശലക്ഷം തൊഴിലാളികളിൽ 1.3 ശതമാനവും ആഗോള വിതരണ കേന്ദ്രത്തിലും മണിക്കൂർ അടിസ്ഥാനത്തിൽ തൊഴിൽ ചെയ്യുന്നവരുമാണ്.
എന്നാൽ, നടപടിയ്ക്ക് മുന്നോടിയായി കമ്പനി കരാറുകൾക്ക് അനുസൃതമായി ജീവനക്കാർക്ക് 24 മണിക്കൂർ മുമ്പ് അറിയിപ്പും ശമ്പളവും ലഭിക്കുമെന്ന് റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നുണ്ട്. ജീവനക്കാരെ പിരിച്ചുവിടുന്നതിലൂടെ കമ്പനിയിൽ നിന്ന് ബഹുഭൂരിപക്ഷം തൊഴിലാളികളുടെ എണ്ണം കുറവുണ്ടാകുമെന്നതാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 

അടുത്തത് പെപ്സികോയോ?

അടുത്തിടെ ട്വിറ്ററിൽ നിന്നും സമാനമായി ജീവനക്കാരെ പിരിച്ചുവിടുന്ന നടപടികൾ ഉണ്ടായിരുന്നു. ഇതിന് പുറമെ, സ്നാക്സ്- പാനീയ നിർമാതാക്കളായ പെപ്സിക്കോയും തൊഴിലാളികളെ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചതായി വാർത്തകൾ പ്രചരിക്കുന്നു. പെപ്‌സികോയുടെ പിരിച്ചുവിടൽ തീരുമാനം കൂടി വന്നതോടെ, ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനയാണോ വരാനിരിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നേരത്തെ, ടെക്നിക്കൽ രംഗത്തും, മാധ്യമ രംഗത്തുമുള്ളവരുടെ പിരിച്ചുവിടലുകളായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്. അതിനാൽ തന്നെ പെപ്‌സികോയുടെ തീരുമാനത്തിന് പിന്നാലെ കൂടുതൽ വ്യവസായങ്ങളിലും സമാന നടപടികൾ ഉണ്ടാകുമോ എന്നതാണ് വിദഗ്ധർ ആശങ്കപ്പെടുന്നത്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :