Vidaamuyarchi OTT
അജിത്ത് നായകനായ Vidaamuyarchi Thriller ചിത്രം ഒടിടിയിൽ എത്തിക്കഴിഞ്ഞു. തിയേറ്ററുകളിൽ വലിയ ഓളമുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിലും തല ചിത്രം ഒടിടിയിൽ ഗംഭീരമാവുകയാണ്. 136 കോടി മാത്രമാണ് തിയേറ്ററുകളിൽ നിന്ന് സിനിമ നേടിയത്. എന്നാൽ ഒടിടിയിൽ ചിത്രത്തിന്റെ തലവര മാറിയെന്ന് തന്നെ പറയാം.
അജിത്തിനെ കൂടാതെ തൃഷ കൃഷ്ണൻ, അർജുൻ സർജ, ആരവ്, റെജീന കസാന്ദ്ര എന്നിവരും ചിത്രത്തിലുണ്ട്. മഗിഴ് തിരുമേനിയാണ് സിനിമയുടെ സംവിധായകൻ. 1997ല്‍ പുറത്തിറങ്ങിയ ബ്രേക്ക്ഡൗണ്‍ എന്ന ഹോളിവുഡ് സിനിമയുടെ റീമേക്കാണ് ചിത്രം.
വിടാമുയര്‍ച്ചിയുടെ ഒടിടി സ്ട്രീമിങ് മാര്‍ച്ച് മൂന്നിന് തുടങ്ങി. നെറ്റ്ഫ്ലിക്സ് വഴിയാണ് സിനിമ ഒടിടി സ്ട്രീം ചെയ്യുന്നത്.
ഹോളിവുഡ് ചിത്രത്തിന്റെ വിജയം വിടാമുയർച്ചിയ്ക്ക് ലഭിച്ചില്ല. ബോക്സ് ഓഫീസിൽ സിനിമ ഒരു പരാജയമായിരുന്നു. മുടക്കിയ മുതൽ തിരിച്ചെടുക്കാൻ വിടാമുയർച്ചിയ്ക്ക് സാധിച്ചില്ലെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഒടിടിയിൽ അങ്ങനെയല്ല.
സിനിമയെ ഡിജിറ്റൽ പ്ലാറ്റ്ഫോം പ്രേക്ഷകർ വലിയ തോതില്‍ സ്വീകരിച്ചതായാണ് റിപ്പോർട്ട്. ഇത് ശരിക്കും നിർമാതാക്കൾക്കും ആശ്വാസം തരുന്ന വാർത്തയാണ്. നെറ്റ്ഫ്ലിക്സിൽ ട്രെൻഡിംഗ് ലിസ്റ്റിൽ സിനിമ ഒന്നാമതാണുള്ളത്. ഒടിടി പ്രേക്ഷകർ ശരിക്കും വിടാമുയർച്ചിയെ ട്രെൻഡാക്കിയെന്ന് പറയാം.
തമിഴിലും മലയാളം, ഹിന്ദി, തെലുഗു ഭാഷകളിലും സിനിമ സ്ട്രീം ചെയ്യുന്നുണ്ട്. നെറ്റ്ഫ്ലിക്സ് ഭീമമായി പണം മുടക്കിയാണ് ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് നേടിയതെന്നും പറയുന്നു. അജിത്തിന്റെ സ്ഥിരം മാസ് സീനുകൾ ഇതിലില്ലാത്തത് തിയേറ്ററുകളിൽ വിമർശനത്തിന് കാരണമായി. പക്ഷേ അതൊന്നും ഒടിടി പ്രേക്ഷകരെ ബാധിക്കുന്നില്ലെന്ന് വേണം മനസിലാക്കാൻ.
200 കോടിയിലധികം ബജറ്റിലാണ് വിടാമുയർച്ചി നിർമിച്ചത്. ഇതിന്റെ പകുതി മാത്രമാണ് ബോക്സ് ഓഫീസിൽ നിന്ന് നേടാനായത്. ഫെബ്രുവരി 6-നായിരുന്നു സിനിമയുടെ ബിഗ് സ്ക്രീൻ റിലീസ്. തൊട്ടടുത്ത മാസം തന്നെ തമിഴ് ആക്ഷൻ ചിത്രം ഒടിടിയിലുമെത്തി.
തമിഴിനെ പുറമെ മറ്റ് ഭാഷകളിലും സിനിമ ഒടിടി റിലീസ് ചെയ്തത് ഒരു പക്ഷേ സ്വീകാര്യത വർധിപ്പിക്കാൻ കാരണമായേക്കാം. അതുപോലെ നെറ്റ്ഫ്ലിക്സിലെത്തുമ്പോൾ സാധാരണ സിനിമകൾക്ക് ഇന്ത്യയ്ക്ക് പുറത്തും വലിയ പ്രേക്ഷകരെ ലഭിക്കാറുണ്ട്. Dulquer Salmaan ചിത്രം ലക്കി ഭാസ്കർ പോലുള്ളവ അതിന് ഉദാഹരണമാണ്.