thudarum ott release date announced
Thudarum OTT Release: തിയേറ്ററുകളിൽ ഇപ്പോഴും ആവേശത്തോടെ പ്രദർശനം തുടരുകയാണ് തുടരും. മോഹൻലാലിന്റെ നടനവിസ്മയം തിയേറ്ററുകളിൽ ആസ്വദിച്ചവർക്ക് വീണ്ടും തുടരും കാണാൻ അവസരം. സിനിമ തിയേറ്ററുകളിൽ കളിക്കുമ്പോഴും, ഒടിടിയിലും പ്രദർശനത്തിന് എത്തുന്നു. ആരാധകർക്ക് സർപ്രൈസായി സിനിമയുടെ ഒടിടി സ്ട്രീമിങ്ങും അതിവേഗം എത്തുന്നു. തുടരും കാണാൻ ആഗ്രഹിക്കുന്നവർ ഇനി വെറും മണിക്കൂറുകൾ കാത്തിരുന്നാൽ മതി.
മലയാളത്തിലെ എല്ലാ റെക്കോഡുകളെയും തകർത്താണ് സിനിമ തിയേറ്ററുകളിൽ ആവേശമാകുന്നത്. മോഹൻലാലിന്റെ തന്നെ ലൂസിഫറിനെയും പുലുമുരുകനെയും കടത്തിവെട്ടിയാണ് മലയാളചിത്രത്തിന്റെ മുന്നേറ്റം. മോഹന്‍ലാലിന്‍റെ 360-ാം ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തരുൺ മൂർത്തിയാണ്. ഓപ്പറേഷൻ ജാവ, സൌദി വെള്ളയ്ക്ക സിനിമയിലൂടെ പേരെടുത്ത സംവിധായകനാണ് തരുൺ മൂർത്തി.
സിനിമയുടെ ഒടിടി റിലീസ് തീയതിയും ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നു. മേയ് 30 മുതൽ സിനിമയുടെ ഒടിടി സ്ട്രീമിങ് ആരംഭിക്കും. ഏപ്രിൽ 25 മുതലാണ് സിനിമ തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചത്.
തുടരും ഒടിടി റൈറ്റ്സ് സ്വന്തമാക്കിയത് ജിയോഹോട്ട്സ്റ്റാറാണ്. മുമ്പ് ലഭ്യമായിരുന്ന ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറും ജിയോസിനിമയും ചേർന്നാണ് പുതിയ ഒടിടി പ്ലാറ്റ്ഫോമായി മാറിയിരിക്കുന്നത്. വളരെ തുച്ഛമായ വിലയിൽ സബ്സ്ക്രിപ്ഷൻ എടുക്കാനാകുന്ന ഒടിടിയാണിത്.
തുടരും വീണ്ടും കാണാനും, തിയേറ്ററുകളിൽ ആസ്വദിക്കാൻ സാധിക്കാതെ പോയവരും ജിയോഹോട്ട്സ്റ്റാറിലേക്ക് വിട്ടോളൂ… ഇന്ന് അർധരാത്രിയുടെ സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കുന്നു. മലയാളത്തിന് പുറമെ കന്നഡ, തെലുഗു, തമിഴ്, ഹിന്ദി ഭാഷകളിലും സിനിമ സ്ട്രീം ചെയ്യും.
ബെൻസ് ഷണ്‍മുഖം എന്ന ടാക്സി ഡ്രൈവറായാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്. ഭാര്യയായി ശോഭനയും മകനായി ആനന്ദം ഫെയിം തോമസ് മാത്യുവുമെത്തുന്നു. ബിനു പപ്പു, മണിയൻപിള്ള രാജു, ഇർഷാദ് അലി, ആർഷ ചാന്ദ്നി ബൈജു, ഫർഹാൻ ഫാസിൽ എന്നിവരാണ് മറ്റ് താരങ്ങൾ. പുതുമുഖമായ പ്രകാശ് വർമയാണ് ജോർജ്ജ് സാറെന്ന തുടരും ചിത്രത്തിലെ ഹൈലൈറ്റ് കഥാപാത്രത്തെ അവതരിപ്പിച്ചത്. വോഡഫോൺ, ദുബായ് ടൂറിസം പരസ്യചിത്രങ്ങളുടെ സംവിധായകനാണ് അദ്ദേഹം.
വിന്റേജ് മോഹൻലാലിലൂടെ ഫാമിലി ഡ്രാമയായി തുടങ്ങി ത്രില്ലിങ്ങും ആക്ഷൻ സീനുകളുമായി ഒരു മികച്ച വിരുന്നാണ് തുടരും ടീം ഒരുക്കിയത്. അടുത്തിടെയിറങ്ങിയ എമ്പുരാനെയും തോൽപ്പിച്ച് വമ്പിച്ച പ്രതികരണമാണ് സിനിമ നേടിയത്.
ചിത്രത്തിൽ സംവിധായകൻ നാടക കലാകാരൻ കൂടിയായ തരുൺ മൂർത്തിയുടെ പിതാവും അഭിനയിച്ചിട്ടുണ്ട്. ഫർഹാൻ ഫാസിലിന്റെ അച്ഛന്റെ വേഷമാണ് അദ്ദേഹം അവതരിപ്പിച്ചത്.
കെ ആര്‍ സുനിലും തരുൺ മൂർത്തിയും ചേർന്നാണ് തിരക്കഥ രചിച്ചത്. രജപുത്രയുടെ ബാനറിൽ എം രഞ്ജിത്താണ് സിനിമ നിർമിച്ചത്.