Nivin Pauly Movie: മലയാളത്തിലെ പുതിയ OTT റിലീസ് Malayalee from India
Nivin Pauly ചിത്രം Malayalee from India OTT റിലീസിനൊരുങ്ങുന്നു. നിവിൻ പോളിയെ നായകനാക്കി ഡിജോ ജോസ് ആന്റണിയാണ് ചിത്രം സംവിധാനം ചെയ്തത്. ഇപ്പോഴിതാ മലയാളി പ്രേക്ഷകർ കാത്തിരുന്ന സൂപ്പർ ഹിറ്റ് ചിത്രം ഒടിടിയിലേക്ക് വരുന്നു.
ക്വീൻ, ജനഗണമന ചിത്രങ്ങൾക്ക് ശേഷം ഡിജോ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ധ്യാൻ ശ്രീനിവാസൻ, അനശ്വര രാജൻ എന്നിവരും പ്രധാന വേഷത്തിലുണ്ട്. മഞ്ജു പിള്ള, അജു വർഗീസ് എന്നിവരാണ് മറ്റ് നിർണായക താരങ്ങൾ. തിയേറ്റർ പ്രദർശനം പൂർത്തിയാക്കി സിനിമ ഇനി ഒടിടി റിലീസിനും ഒരുങ്ങുന്നു.
സിനിമയുടെ ഒടിടി റിലീസ് ഉടനെയുണ്ടാകും. സോണി ലിവ് (Sony LIV) ആണ് ഒടിടി റൈറ്റ്സ് സ്വന്തമാക്കിയത്. സോണി ലിവ് തന്നെയാണ് ഒടിടി റിലീസും ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
മലയാളി ഫ്രം ഇന്ത്യ ഒരു കോമഡി എന്റർടെയ്നർ ചിത്രമാണ്. സിനിമ ജൂലൈ 5-ന് ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കും. നിവിൻ പോളിയുടെ തിരിച്ചുവരവ് നടത്തുന്ന ചിത്രമായിരിക്കും ഇതെന്നാണ് പ്രതീക്ഷിച്ചിരുന്നത്. തിയേറ്ററുകളിൽ വലിയ ഓളം സൃഷ്ടിച്ചില്ലെങ്കിലും ഭേദപ്പെട്ട പ്രതികരണം സിനിമ നേടി.
കൂടാതെ സിനിമയ്ക്കെതിരെ കോപ്പിയടി പോലുള്ള വിവാദങ്ങളും ഉയർന്നിരുന്നു. എന്നാൽ ഇതിനെതിരെ പ്രതികരണവുമായി സംവിധായകൻ രംഗത്ത് വന്നു.
ഗരുഡൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം മാജിക്ക് ഫ്രെയിംസ് നിർമിക്കുന്ന ചിത്രമാണിത്. ലിസ്റ്റിൻ സ്റ്റിഫൻ ആണ് നിർമാതാവ്. നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ നിർമിച്ച ചിത്രവുമിതാണ്. സിനിമയിലെ ഗാനങ്ങളും മറ്റും ഹിറ്റായിരുന്നു.
ജനഗണമനയുടെ തിരക്കഥ ഒരുക്കിയ ഷാരിസ് മുഹമ്മദ് രചന നിർവഹിച്ചിരിക്കുന്നത്. ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്. ശ്രീജിത്ത് സാരംഗ് സിനിമയുടെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രഹകൻ സുദീപ് ഇളമൺ ആണ്. സമീറ സനീഷ് ആണ് മലയാളി ഫ്രം ഇന്ത്യയുടെ വസ്‌ത്രാലങ്കാരം ചെയ്തിരിക്കുന്നത്. ജനഗണമനയ്ക്ക് ശേഷം ഡിജോയും ലിസ്റ്റിൻ സ്റ്റിഫനും ഒരുമിച്ച സിനിമ കൂടിയാണിത്.
മലയാളി ഫ്രം ഇന്ത്യ രണ്ട് ആഴ്ചകൾക്ക് ശേഷം ഒടിടിയിൽ കാണാം. സിനിമയുടെ റിലീസ് സോണി ലിവ് ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്.