അങ്ങനെ ജോർജ്ജുകുട്ടിയായി Mohanlal Drishyam 3-ലേക്ക് തിരിച്ചെത്തി. Dadasaheb Phalke Award (ദാദാ സാഹേബ് ഫാൽക്കെ അവാർഡ്) നിറവിലാണ് സൂപ്പർതാരം ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിലെത്തുന്നത്. മലയാളവും കടന്ന് ഇന്ത്യയിലെ വിവിധ ഭാഷകളിലും രാജ്യത്തിന് പുറത്ത് പല ഭാഷകളിലും വരെയെത്തിയ സിനിമയാണ് ദൃശ്യം 3. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഫാമിലി ത്രില്ലർ ചിത്രത്തിന്റെ പൂജ കഴിഞ്ഞിരിക്കുന്നു.
2021 ഒരു കൊവിഡ് കാലത്താണ് ക്രൈം ത്രില്ലർ ചിത്രം ദൃശ്യം 2 പുറത്തിറങ്ങിയത്. അന്ന് ലോക്ക് ഡൌണിൽ ചിത്രം തിയേറ്ററുകളിലെത്തിച്ചില്ല. പകരം ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് സിനിമ റിലീസ് ചെയ്തത്. പിന്നീട് 5 വർഷമായിട്ടും ഇതുവരെയും ദൃശ്യത്തിന്റെ മൂന്നാം ഭാഗം ആരംഭിച്ചില്ല. പോരാഞ്ഞിട്ട് മലയാളത്തിന് മുന്നേ ദൃശ്യം 3 ഹിന്ദിയിൽ വരുമെന്ന് ചില അഭ്യൂഹങ്ങളും. ഇതിനെല്ലാം മറുപടിയായാണ് ദൃശ്യം 3 മലയാളത്തിന്റെ പുതിയ അപ്ഡേറ്റ് എത്തിയിട്ടുള്ളത്.
എറണാകുളത്ത് പൂത്തോട്ട എസ്എന്‍ കോളേജില്‍ ദൃശ്യം 3-ന്റെ പൂജാചടങ്ങ് നടന്നു. ദൃശ്യം 1, 2 മനസ്സിലേറ്റിയ പ്രേക്ഷകർ മൂന്നാംഭാഗവും സ്വീകരിക്കുമെന്ന് പ്രതീക്ഷ മഹാനടൻ പങ്കുവച്ചു. ജോര്‍ജുകുട്ടി എന്തെങ്കിലും കുഴപ്പമുണ്ടാക്കും, പേടിക്കേണ്ട എന്നുകൂടി അദ്ദേഹം പൂജാചടങ്ങിൽ സൂചന നൽകി.
മോഹന്‍ലാല്‍ സാറിന് വലിയൊരു അംഗീകാരം കിട്ടിയ സമയത്ത് തന്നെ സിനിമ ആരംഭിക്കാൻ കഴിഞ്ഞതിലെ സന്തോഷം നിർമാതാവ് ആന്റണി പെരുമ്പാവൂരും പങ്കുവച്ചു. എന്തായാലും ലോകമെമ്പാടുമുള്ള ദൃശ്യം ആരാധകർ കാത്തിരുന്നത് പോലെ ദൃശ്യം 3 ആരംഭിക്കുകയാണ്. അങ്ങനെയെങ്കിൽ അടുത്ത വർഷം ചിത്രം കാണാനാകുമെന്ന പ്രതീക്ഷയും പ്രേക്ഷകർക്കുണ്ട്.
മലയാളത്തിൽ ദൃശ്യം 3 വരുമെന്ന വാർത്തയ്ക്ക് പിന്നാലെ, ആദ്യം അജയ് ദേവ്ഗണിന്റെ ഹിന്ദി വേർഷൻ വരുമെന്ന ചില വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ മലയാളത്തിന്റെ സ്‌ക്രിപ്‍റ്റിന് വേണ്ടി അവർ കാത്തിരിക്കുകയാണെന്ന് സംവിധായകൻ തന്നെ മാധ്യമങ്ങളോട് വ്യക്തമാക്കിയതാണ്. ഇക്കാര്യം ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.
മോഹൻലാലിന് പുറമെ സിനിമയിലെ മറ്റ് പ്രധാന താരങ്ങൾ മീന, ആശാ ശരത്, സിദ്ധിഖ്, അൻസിബ ഹസൻ, എസ്‍തര്‍ അനില്‍ എന്നിവരാണ്. മൂന്നാം പതിപ്പിൽ ആരൊക്കെയാണ് പുതിയതായി ചേർക്കപ്പെടുന്നതെന്നും ഇനി കാത്തിരുന്ന് അറിയാം.
മൂന്നാം ഭാഗത്തിന്റെ ചർച്ചകൾ കൊഴുക്കുമ്പോൾ ആദ്യ രണ്ട് ഭാഗങ്ങൾ വീണ്ടും കണ്ടാലോ?
മലയാളത്തിന്റെ ആദ്യ 50 കോടി ചിത്രമായിരുന്നു ദൃശ്യം 1. ഇതുവരെ വന്ന ദൃശ്യം പതിപ്പിൽ തിയേറ്ററിൽ എത്തിയ ഏക സിനിമയും. ചിത്രം തിയേറ്റർ റിലീസിന് ശേഷം നേരെ എത്തിയത് ജിയോഹോട്ട്സ്റ്റാറിലാണ്. മുമ്പ് ഇത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ എന്നാണ് അറിയപ്പെട്ടതെങ്കിലും, ഇപ്പോൾ ജിയോഹോട്ട്സ്റ്റാർ എന്ന പേരിലാണ് സ്ട്രീമിങ് നടത്തുന്നത്.
സിനിമയുടെ രണ്ടാം ഭാഗവും ഒടിടിയിൽ ലഭ്യമാണ്. ക്രൈം ത്രില്ലർ ചിത്രം നിങ്ങൾക്ക് ആമസോൺ പ്രൈം വീഡിയോയിലും ആമസോൺ എംഎക്സ് പ്ലെയറിലും ആസ്വദിക്കാം.
കേബിൾ ടിവി ഉടമയും സിനിമാപ്രേമിയുമായ ജോർജ്ജൂട്ടിയുടെയും കുടുംബത്തിന്റെയും പശ്ചാത്തലത്തിലാണ് ദൃശ്യം 1, 2 ഭാഗങ്ങൾ ഒരുക്കിയത്. സാധാരണക്കാരായ നാലംഗ കുടുംബത്തിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന കൊലപാതകവും, പിന്നീട് ഇവർ നേരിടുന്ന നിയമപോരാട്ടങ്ങളുമാണ് കഥ. ജോർജുകുട്ടിയുടെ ബുദ്ധിപരമായ നീക്കങ്ങൾ വളരെ ത്രില്ലിങ്ങായും സസ്പെൻസ് നിറച്ചും രണ്ടാം ഭാഗത്തിലും ജീത്തു ജോസഫ് അവതരിപ്പിച്ചു. ഇനി എന്ത് ടെയിൽ എൻഡാകും ജോർജ്ജൂട്ടി ഒരുക്കിവച്ചിരിക്കുന്നതെന്ന് ദൃശ്യം 3-ലൂടെ കാത്തിരുന്ന് കാണാം.
അതേ സമയം രാജ്യത്തെ ഏറ്റവും വലിയ ബഹുമതികളിലൊന്നായ ദാദാ സാഹേബ് ഫാൽക്കെ അവാർഡ് ഇപ്രാവശ്യം മലയാളത്തിന്റെ മോഹൻലാലിനാണ്. ഇന്ത്യൻ സിനിമയ്ക്കുള്ള സമഗ്ര സംഭാവനയായാണ് ഈ പുരസ്കാരം മോഹൻലാലിന് നൽകുന്നത്. സെപ്തംബർ 23-ന് എഴുപത്തിയൊന്നാമത് നാഷണല്‍ ഫിലിം അവാര്‍ഡ്‌സ് പുരസ്‌കാര വേദിയില്‍ വച്ച് അദ്ദേഹത്തിന് പുരസ്കാരം സമ്മാനിച്ചു. ഡൽഹിയിൽ വൈകുന്നേരം 4 മണിയ്ക്ക് രാഷ്ട്രപതി താരത്തിന് അവാർഡ് കൈമാറും.