Marco OTT Release
Marco OTT Release: ഉണ്ണി മുകുന്ദന്റെ കരിയർ ബെസ്റ്റ് ചിത്രത്തിന്റെ ഓളം ഇനി ഒടിടിയിലേക്കും. ബോളിവുഡിൽ വരെ മാസ്മരിക വിജയം നേടിയ മാർകോ ഒടുവിൽ ഒടിടിയിലേക്ക് വരികയാണ്.
ഇതുവരെ Super Hit ചിത്രത്തിന്റെ ഒടിടി റിലീസിനെ കുറിച്ച് ഊഹാപോഹങ്ങളായിരുന്നു. എന്നാൽ മാർകോയുടെ അണിയറപ്രവർത്തകർ തന്നെ സിനിമയുടെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുന്നു. ക്രിസ്മസ് സ്പെഷ്യലായാണ് മാർകോ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. സിനിമ ഹിന്ദി, കന്നഡ, തമിഴ് പ്രേക്ഷകരുടെയും പ്രിയപ്പെട്ട സിനിമയായി. ഇനിയിതാ അധികം വൈകാതെ ഒടിടിയിലേക്കും വരുന്നു. എന്നാൽ ഹിന്ദിയിൽ മാത്രം ചിത്രത്തിന്റെ ഒടിടി റിലീസ് തൽക്കാലമില്ല.
ആദ്യം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ഇക്കാര്യം നിർമാതാക്കൾ തന്നെ നിരസിച്ചു. ഒടുവിൽ മാർകോയെ സ്വന്തമാക്കിയത് സോണി ലിവ് ആണ്. മലയാളത്തിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമകൾ മിക്കവയും റിലീസിന് എത്തുന്നത് സോണി ലിവിലാണ്. പണി പോലുള്ള ആക്ഷൻ ഹിറ്റുകളും സോണി ലിവിലായിരുന്നു ഡിജിറ്റൽ റിലീസ് ചെയ്തത്.
വാലന്റൈൻസ് ഡേ സ്പെഷ്യലായാണ് പാൻ ഇന്ത്യൻ ചിത്രം ഡിജിറ്റൽ റിലീസ് ചെയ്യുന്നത്.
മാർകോയുടെ ഒടിടി റിലീസ് തീയതി അറിയിച്ചിരിക്കുന്നത് സോണി ലിവ് തന്നെയാണ്. ഫെബ്രുവരി 14 മുതൽ സിനിമയുടെ സ്ട്രീമിങ് ആരംഭിക്കുമെന്നും ഒടിടി കമ്പനി അറിയിച്ചു. മലയാളത്തിന് പുറമെ തമിഴ്, തെലുഗു, കന്നഡ ഭാഷകളിലും സിനിമ ആസ്വദിക്കാം.
തിയേറ്ററിൽ കണ്ടതാണല്ലോ, ഒടിടിയിൽ കാണണമോ എന്നാലോചിക്കണ്ട. കാരണം ഒടിടിയിൽ വരുന്ന പതിപ്പിന് ചില മാറ്റങ്ങൾ ഉണ്ടായേക്കാം.
ഉണ്ണി മുകുന്ദൻ മുമ്പ് പറഞ്ഞിരുന്നത് തിയേറ്റർ വേർഷനിലില്ലാത്ത ഭാഗം ഒടിടിയിൽ കാണാമെന്നതാണ്. മാർകോയിലെ ചില ക്രൂരമായ രംഗങ്ങൾ തിയേറ്റർ പതിപ്പിൽ നിന്ന് മാറ്റിയിരുന്നു. ഈ രംഗങ്ങൾ OTT റിലീസിൽ ഉൾപ്പെടുത്തുമെന്ന് താരം പറഞ്ഞിരുന്നുവെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ സീനുകൾ ഒടിടി വേർഷനിലുണ്ടാകുമോ എന്നത് സംബന്ധിച്ച് സോണി എൽഐവി വിശദീകരണം നൽകിയിട്ടില്ല.
എന്നാൽ ഒടിടിയിൽ വലിയ പ്രതീക്ഷയില്ലെന്ന് താരം പറഞ്ഞതായി ചില റിപ്പോർട്ടുകളുണ്ട്. തിയേറ്ററിലെ സ്വീകാര്യതയിൽ നിന്ന് ഒടിടി റിലീസിന് പ്രശംസ കുറവായിരിക്കുമെന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്.
മാർകോ മൊത്തത്തിൽ 116 കോടിയിലധികം നേടിയതായാണ് പുതിയ റിപ്പോർട്ട്. കേരളത്തിൽ നിന്ന് മാത്രം 42 കോടിയോളം രൂപയുടെ കളക്ഷനെടുത്തിട്ടുണ്ട്. ഹിന്ദി പ്രേക്ഷകർ ബിഗ് സ്ക്രീനിൽ സ്വീകരിച്ച മലയാളം ചിത്രമാണ് മാർകോ.