lokah chapter 1
Lokah Chapter 1: ഈ ഓണത്തിന് നാല് വമ്പൻ ചിത്രങ്ങളാണ് മലയാളത്തിൽ റിലീസിന് എത്തിയത്. സൂപ്പർ സ്റ്റാറിന്റെ ഹൃദയപൂർവ്വം മുതൽ ഇതിലുണ്ട്. ഈ നാല് ചിത്രങ്ങളിൽ രണ്ടെണ്ണം കല്യാണി പ്രിയദർശന്റെയാണ്. ഓണത്തിന് റെക്കോഡ് തൂത്തുവാരുന്നതാകട്ടെ കല്യാണി പ്രിയദർശന്റെ സൂപ്പർ ഹീറോ മലയാളചിത്രമാണ്. ശരിക്കും ഇതാദ്യമായിരിക്കും ഇന്ത്യൻ സിനിമയിൽ സ്ത്രീ ഒരു സൂപ്പർ ഹീറോയായി എത്തുന്നത്.
ശരിക്കും മാർവെൽ കഥാപാത്രങ്ങളോട് കിടപിടിക്കുന്ന ഐറ്റമാണ് ലോക ചാപ്റ്റർ 1 ചന്ദ്രയിലുള്ളതെന്നാണ് കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നത്. 30 കോടി ബജറ്റിലൊരുക്കിയ ചിത്രം വിഷ്വൽ എഫക്റ്റ്സിലും സിനിമാറ്റോഗ്രാഫിയിലും മികവ് പുലർത്തി.
സിനിമ തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. കോടികൾ വാരുന്നതിൽ മലയാള ചിത്രം മോഹൻലാലിന്റെ ദൃശ്യത്തെയും പൊട്ടിച്ചു. ലോക 4 ദിവസങ്ങളിലേക്ക് എത്തുമ്പോൾ 63 കോടി ബോക്സ് ഓഫീസിൽ നിന്ന് നേടിയെടുത്തു. ദൃശ്യത്തിന്റെ 62 കോടി എന്ന റെക്കോഡാണ് കല്യാണിയുടെ മാർവെൽ ചിത്രം തകർത്തത്. തുടരും എന്ന സിനിമയ്ക്ക് ശേഷം ലോക ചിത്രം അടുത്ത 100 കോടി ക്ലബ്ബിലെത്തുമോ എന്നാണ് അടുത്ത പ്രതീക്ഷകൾ. എന്നാൽ സിനിമയ്ക്ക് വേറെയും ചില നേട്ടങ്ങളുണ്ട്.
ലോക ചിത്രം IMDb റേറ്റിങ്ങിൽ മുന്നിലാണ്. 10-ലാണ് ഓരോ സിനിമകൾക്കും പ്രേക്ഷക അഭിപ്രായ പ്രകാരം ഐഎംഡിബി റേറ്റിങ് നൽകുന്നത്. ഇതിൽ ലോക ചാപ്റ്റർ 1 ചന്ദ്ര 8.4 റേറ്റിങ്ങിലാണ് കൊടുത്തിരിക്കുന്നത്.
ഈ റേറ്റിങ്ങിൽ മുൻപ് ടോപ് പൊസിഷനിൽ ഇടം പിടിച്ചത് മണിച്ചിത്രത്താഴ്, ദൃശ്യം, സന്ദേശം, കുംബളങ്ങി നൈറ്റ്സ് പോലുള്ള സിനിമകളാണ്. ഇന്റർനെറ്റ് മൂവി ഡാറ്റാബേസ് എന്നാണ് IMDb റേറ്റിങ്ങിന്റെ പൂർണപേര്. IMDb-ൽ രജിസ്റ്റർ ചെയ്ത ഉപയോക്താക്കളാണ് സിനിമയ്ക്ക് റേറ്റ് നൽകുന്നത്. എല്ലാ വോട്ടുകളുടെയും അടിസ്ഥാനത്തിൽ ഒരു വെയ്റ്റഡ് ആവറേജാണ് അന്തിമ ഫലമായി നൽകുന്നത്. വോട്ടുകളുടെ എണ്ണവും വോട്ട് ചെയ്യുന്നവരുടെ സ്ഥിരതയും മറ്റും ഇതിനെ ബാധിക്കുന്നു. അതിനാൽ കുറച്ച് പേർക്ക് കൂട്ടം ചേർന്ന് സിനിമയ്ക്ക് ടോപ് റേറ്റിങ് കൊടുക്കാനുമാകില്ല.
ഐഎംഡിബിയിൽ 10-ൽ 8.4 റേറ്റിംഗ് ലഭിക്കുന്നത് വളരെ ഉയർന്ന റേറ്റിങ്ങായി കണക്കാക്കപ്പെടുന്നു. 8-ന് മുകളിൽ റേറ്റിംഗ് ലഭിക്കുന്ന സിനിമകൾക്ക് നിരൂപക പ്രശംസ വരെ ലഭിച്ചതായാണ് കണക്കാക്കപ്പെടുന്നത്. ലോകത്തിലെ എക്കാലത്തെയും മികച്ച സിനിമകളാണ് 9-ന് മുകളിൽ ഇടംപിടിക്കുന്നത്. പൊതുവേ നല്ല സിനിമകളെ 7-ന് മുകളിൽ ലിസ്റ്റ് ചെയ്യുന്നു. അങ്ങനെയെങ്കിൽ ലോക ചാപ്റ്റർ 1 ചന്ദ്ര കേരളവും കടന്ന് ജനശ്രദ്ധ പിടിച്ചു പറ്റാൻ സാധ്യതയുണ്ട്. മലയാളത്തിന് പുറമെ സിനിമ തമിഴ്, തെലുഗു, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്തിട്ടുണ്ട്. ദുൽഖർ സൽമാനാണ് ലോകയുടെ നിർമാതാവ്.
ഡൊമിനിക് അരുൺ സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ നിർമ്മിച്ച ചിത്രമാണിത്. കല്യാണി പ്രിയദർശനൊപ്പം സിനിമയിൽ നസ്ലെനും മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നു. സാൻഡി, അരുൺ കുര്യൻ, ചന്ദു സലിംകുമാർ, നിഷാന്ത് സാഗർ, രഘുനാഥ് പലേരി, വിജയരാഘവൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. സിനിമ കണ്ടിറങ്ങിയവർ ലോകയുടെ അടുത്ത ചാപ്റ്ററിനായി കാത്തിരിക്കുകയാണ്.
Also Read: Wow Deal: 200MP ട്രിപ്പിൾ ക്യാമറ, ഓറഞ്ചിഷ് റെഡ് കളർ Redmi Note പ്രോ മോഡൽ 8000 രൂപ ഫ്ലാറ്റ് കിഴിവിൽ!