latest in ott ajayante randam moshanam tovino triple role movie arm
Latest in OTT: ടൊവിനോ തോമസ് ട്രിപ്പിൾ റോളിലെത്തിയ ARM സ്ട്രീമിങ് ആരംഭിച്ചു. തിയേറ്ററുകളിൽ 3D ആക്കി പുറത്തിറക്കിയ ചിത്രമാണ് Ajayante Randam Moshanam. കുഞ്ഞിക്കേളുവായും മാണിക്യനായും അജയനായും ടൊവിനോ ബിഗ് സ്ക്രീനിൽ വിസ്മയം തീർത്തു.
ജിതിൻ ലാലാണ് അജയന്റെ രണ്ടാം മോഷണത്തിന്റെ സംവിധായകൻ. സിനിമ ഇപ്രാവശ്യത്തെ ഓണത്തിന് തിയേറ്ററുകളിലെത്തി. കിഷ്കിന്ധാ കാണ്ഡം വൻ പ്രശംസയോടെ മുന്നേറുമ്പോഴും എആർഎം തിയേറ്ററിൽ കിതച്ചില്ല. ടൊവിനോയുടെ മണിയനും, സുരഭി ലക്ഷ്മിയുടെ മാണിക്യവും ഗംഭീര പ്രതികരണം സ്വന്തമാക്കി.
ബേസിൽ ജോസഫ്, കൃതി ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ നിർണായക വേഷങ്ങളിലുണ്ട്. ഹരീഷ് ഉത്തമൻ, അജു വര്‍ഗീസ്, സഞ്ജു ശിവറാം, മധുപാൽ, ഐശ്വര്യ രാജേഷ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.
ഇപ്പോഴിതാ പ്രേക്ഷകർ കാത്തിരുന്ന അജയന്റെ രണ്ടാം മോഷണം ഒടിടിയിൽ എത്തിയിരിക്കുന്നു. സിനിമ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് സ്ട്രീമിങ് നടത്തുന്നത്. നവംബർ 8-ന് സിനിമ സ്ട്രീമിങ് ആരംഭിക്കുമെന്ന് അറിയിച്ചിരുന്നു. കഴിഞ്ഞ വാരം തന്നെ എആർഎം അണിയറപ്രവർത്തകർ ഇത് സോഷ്യൽ മീഡിയ വഴി പങ്കുവച്ചതാണ്.
തിയേറ്ററുകളിൽ 3ഡിയിൽ ആസ്വദിച്ചവർക്ക് വീണ്ടും മണിയനെയും അജയനെയും മാണിക്യത്തെയും ലക്ഷ്മിയെയും കാണാം. നവംബർ 7 കഴിഞ്ഞ് അർധരാത്രി തന്നെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു.
മാജിക് ഫ്രെയിംയ്സിന്റെയും യുജിഎം മോഷൻ പിക്‌ചേഴ്‌സിന്റെയും ബാനറിലാണ് നിർമാണം. 30 കോടി രൂപ ചെലവിൽ നിർമിച്ച മലയാളത്തിന്റെ ബിഗ് ബജറ്റ് സിനിമയാണിത്. മിന്നൽ മുരളിയ്ക്ക് ശേഷം നിർമിച്ച ഏറ്റവും ചെലവേറിയ ചിത്രവും എആർഎം ആണ്. ലിസ്റ്റിൻ സ്റ്റീഫനും ഡോക്ടർ സക്കറിയ തോമസുമാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
സുജിത്ത് നമ്പ്യാരാണ് സിനിമയുടെ രചന നിർവഹിച്ചത്. മോഹൻലാലിന്റെ സൃഷ്ടാവായുള്ള ശബ്ദ സാന്നിധ്യവും ചിത്രത്തിലുണ്ട്. ജോമോൻ ടി. ജോൺ ആണ് ആക്ഷൻ ഡ്രാമയുടെ ക്യാമറമാൻ. ധിബു നിനാൻ തോമസ് ആണ് സംഗീതം ഒരുക്കിയത്.
സിനിമയിലെ പാട്ടുകളും വമ്പൻ ഹിറ്റായിരുന്നു. വൈക്കം വിജയലക്ഷ്മിയുടെ അങ്ങ് വാന കോണില് എന്ന ഗാനം റീൽസുകളിൽ ഇടം പിടിച്ചു. കെഎസ് ഹരിശങ്കറിന്റെ കിളിയേ എന്ന ഗാനവും പ്രേക്ഷകരും സോഷ്യൽ മീഡിയയും ഏറ്റെടുത്തു.