dance of the hillary virus
Dance of the Hillary Virus: അതിർത്തിയിൽ ഇന്ത്യയെ കാത്ത് വീരനായകന്മാർ അണിനിരന്നുകഴിഞ്ഞു. എന്നാൽ സൈബറിടത്ത് എന്താണ് സംഭവിക്കുന്നത്? India- Pakistan സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ, നമ്മൾ ജാഗ്രതയോടെ പരിഗണിക്കേണ്ട മറ്റ് ചില കാര്യങ്ങളുമുണ്ട്.
ഡാൻസ് ഓഫ് ദി ഹിലരി എന്നറിയപ്പെടുന്ന ഒരു മാരകമായ മാൽവെയർ ഇപ്പോൾ ഓൺലൈനിൽ കറങ്ങി നടക്കുന്നതായാണ് റിപ്പോർട്ട്. ഇത് പാകിസ്ഥാൻ പടച്ചുവിട്ട വൈറസ് പോലുള്ള ഹാക്കിങ്ങാണെന്ന് ഒന്നിലധികം റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രത്യഘാതങ്ങളിലേക്ക് ചെന്നുവീഴാതെ, ഡാൻസ് ഓഫ് ദി ഹിലറിയെ പ്രതിരോധിക്കാൻ ഓരോ ഉപയോക്താവും ശ്രദ്ധിക്കേണ്ടതുണ്ട്.
പാകിസ്ഥാന്റെ മാൽവെയറാണെന്നതിൽ ഇതുവരെ സ്ഥിരീകരണമില്ല. എന്നാലും ഏത് തരത്തിലുള്ള മാൽവെയറുകളും ഹാക്കിങ് രീതികളും നമ്മൾ പ്രതിരോധിക്കേണ്ടതുണ്ട്. കാരണം ഇവ വ്യക്തിഗതവും സാമ്പത്തികവുമായ വിവരങ്ങൾ കവർന്നെടുക്കാനാണ് ലക്ഷ്യം വയ്ക്കുന്നത്. ഇപ്പോൾ വാട്സ്ആപ്പ് ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിലൂടെ പ്രചരിക്കുന്ന മാൽവെയറുകളെയും സൂക്ഷിക്കേണ്ടതുണ്ട്. വീഡിയോ ഫയലുകളായാണ് ഇവ പ്രചരിക്കുന്നത്.
വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, ടെലിഗ്രാം, ഇമെയിലുകൾ തുടങ്ങിയ ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഈ മാൽവെയർ ഉള്ളതായാണ് റിപ്പോർട്ട്. ഇങ്ങനെയുള്ള പ്ലാറ്റ്ഫോമുകളിലൂടെ പ്രചരിക്കുന്നുണ്ടെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വീഡിയോ, PDF പോലുള്ള ഡോക്യുമെന്റ് ഫയലുകളിലൂടെയാണ് ഇവ ഷെയർ ചെയ്യുന്നത്. ഇവ ഡൗൺലോഡ് ചെയ്‌താൽ, മാൽവെയർ നിങ്ങളുടെ ഉപകരണത്തിന്റെ ബാക്ക്ഗ്രൌണ്ടിൽ പ്രവർത്തിക്കുകയും ഡാറ്റയെ കൈക്കലാക്കി ഹാക്കർമാരുമായി പങ്കിടുകയും ചെയ്യും.
അതിനാൽ അപരിചിതമായ ലിങ്കുകളും മെസേജുകളും ഓപ്പൺ ചെയ്യരുതെന്നും, അതീവ ജാഗ്രത പാലിക്കണമെന്നും ഇന്ത്യയിലെ സൈബർ സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംശയാസ്പദമായ ഏതെങ്കിലും സൈബർ ആക്ടിവിറ്റി കണ്ടെത്തിയാൽ, ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും നിർദേശമുണ്ട്.
അപകടകരമായ മാൽവെയറുകളാണെങ്കിലും, നമ്മൾ ഭയപ്പെടേണ്ടതില്ല. പകരം നന്നായി ശ്രദ്ധ കൊടുത്താൽ മതി.
വാട്സ്ആപ്പിൽ മാത്രമല്ല, മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഓട്ടോമാറ്റിക് ഡൗൺലോഡുകൾ ഓഫാക്കുക.
+92 എന്ന പ്രിഫിക്‌സ് ഉള്ള അജ്ഞാത കോൺടാക്റ്റ് നമ്പറുകളോട് പ്രതികരിക്കരുത്.
റിവാർഡുകൾ, ജോലി അവസരങ്ങൾ അല്ലെങ്കിൽ സാമ്പത്തിക ആനുകൂല്യങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്ന മെസേജുകളും ലിങ്കുകളും റിപ്പോർട്ട് ചെയ്യുക.
ഫോണിലും പ്രധാന ആപ്പുകളിലും ശക്തമായ പാസ്‌വേഡുകൾ നൽകുക. ഒപ്പം 2-ഫാക്ടർ സ്ഥിരീകരണം നൽകുന്നതും സഹായകരമാകും.