Truecallerൽ ഇനി ശരിക്കും ശരിയായ കോളുകൾ; ഈ പുതിയ ഫീച്ചർ അറിയൂ…

Updated on 07-Dec-2022
HIGHLIGHTS

സർക്കാർ ഓഫീസർമാരാണെന്നും ബാങ്കിൽ നിന്നാണെന്നും അവകാശപ്പെട്ട് വ്യാജഫോണുകൾ നിങ്ങൾക്ക് ലഭിക്കാറുണ്ടോ? സാമ്പത്തിക തട്ടിപ്പുകൾ ലക്ഷ്യമിട്ടുള്ള ഇത്തരം പ്രവർത്തനങ്ങൾക്ക് എതിരെ ശാശ്വതമായ ഒരു പരിഹാരം അവതരിപ്പിച്ചുകൊണ്ട് ട്രൂകോളർ (Truecaller) ഡിജിറ്റൽ ഡയറക്ടറി പുറത്തിറക്കി. വ്യാജകോളുകളെ തിരിച്ചറിയുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സർക്കാർ ഉദ്യോഗസ്ഥരുടെ പരിശോധിച്ചുറപ്പിച്ച കോൺടാക്റ്റ് വിശദാംശങ്ങൾ കണ്ടെത്താൻ ആളുകളെ ഇത് സഹായിക്കും. ട്രൂകോളറിന്റെ ഈ ഡിജിറ്റൽ ഗവൺമെന്റ് ഡയറക്ടറി (digital government directory) വഴി പൗരന്മാർക്ക് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാൻ കഴിയുന്നതാണ്. 

ട്രൂകോളർ ഡിജിറ്റൽ ഡയറക്ടറി; ലക്ഷ്യങ്ങൾ

ഈ ഡിജിറ്റൽ ഗവൺമെന്റ് ഡയറക്‌ടറി സൃഷ്‌ടിച്ചിരിക്കുന്നത് ജനങ്ങളും പ്രാദേശിക ഗവൺമെന്റ് ഭരണാധികാരികളും തമ്മിലുള്ള വിശ്വാസം വർധിപ്പിക്കുന്നതിനും അവരെ വ്യാജകോളുകളിൽ നിന്നും മറ്റും സുരക്ഷിതരാക്കുന്നതിനുമാണ്. ട്രൂകോളറിന് (Truecaller) നിലവിൽ ഇന്ത്യയിൽ 240 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ട്. ഇതുവഴി കൂടുതൽ ഉപഭോക്താക്കളെ ആപ്പിലേക്ക് ക്ഷണിക്കാൻ സാധിക്കുമെന്നും ട്രൂകോളർ വിശ്വസിക്കുന്നു. 

എന്തുകൊണ്ടാണ് ട്രൂകോളർ (Truecaller) ഈ ഫീച്ചർ അവതരിപ്പിച്ചത്?

ട്രൂകോളറിന്റെ ഈ പുതിയ ഫീച്ചർ പരിശോധിച്ചുറപ്പിച്ച സർക്കാർ അധികാരികളുടെ കോൺടാക്റ്റുകൾ (government contacts) ആക്‌സസ് ചെയ്യാൻ നിങ്ങളെ അനുവദിക്കുന്നു. ഈ ഫീച്ചർ പൗരന്മാർക്ക് നിയമ നിർവഹണ ഏജൻസികൾ, ഹെൽപ്പ് ലൈനുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, എംബസികൾ, ആശുപത്രികൾ, മറ്റ് നിർണായക സർക്കാർ വകുപ്പുകൾ എന്നിവയുടെ വിവരങ്ങൾ നിങ്ങൾക്ക് ലഭ്യമാക്കും. ഉദ്യോഗസ്ഥരുടെ കോൺടാക്റ്റ് വിശദാംശങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കാൻ ഔദ്യോഗിക സർക്കാർ സ്രോതസ്സുകളിൽ നിന്നാണ് വിവരങ്ങൾ ശേഖരിച്ചിട്ടുള്ളത്. പ്രസക്തമായ സർക്കാർ പ്രതിനിധിയിലേക്കുള്ള ആക്‌സസ് കാര്യക്ഷമമാക്കാനും ഇന്ത്യയിലെ ഉപയോക്താക്കൾക്ക് സർക്കാർ സേവനം കൂടുതൽ സുഗമമായി ലഭിക്കാനും ഇത് സഹായിക്കുന്നതാണ്.

നമ്മുടെ ഫോണിലേക്ക് ബന്ധപ്പെടുന്ന നമ്പർ പ്രസ്തുത അധികാരികളിൽ നിന്നുള്ളതാണെങ്കിൽ അത് പച്ച ബാക്ക്ഗ്രൗണ്ടിൽ  നീല ടിക്ക് അടയാളത്തിൽ ദൃശ്യമാകും. അതായത്, വിളിക്കുന്ന നമ്പർ ആധികാരികമാണെന്ന് ഇതിലൂടെ ഉറപ്പിക്കാം.
ട്രൂകോളർ ഈ പുതിയ ഡയറക്ടറി വിപുലീകരിക്കുന്നതിനായി ഗവൺമെന്റിന്റെ വിവിധ വകുപ്പുകളുമായി ചേർന്ന് പ്രവർത്തിക്കുകയാണ്. അടുത്ത ഘട്ടത്തിൽ മുനിസിപ്പൽ, ജില്ലാ തലത്തിലുള്ള പ്രതിനിധികളുടെ കോൺടാക്റ്റ് വിശദാംശങ്ങളും ചേർക്കുമെന്നാണ് പറയുന്നത്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :