Digital Census
Digital Census: ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സെൻസസിന് ഏപ്രിൽ 1 ന് തുടക്കമായി. പരമ്പരാഗതമായുള്ള പേപ്പറും പേനയും ഉപയോഗിച്ചുള്ള സെൻസസിന് പകരം, മൊബൈൽ ആപ്പ് ഉപയോഗിച്ചുള്ള വിവരശേഖരണമാണ് നടക്കുന്നത്. ഉദ്യോഗസ്ഥർ വീടുകളിൽ നേരിട്ടെത്തി വിവരങ്ങൾ രേഖപ്പെടുത്തുന്നു. ഇതുകൂടാതെ, പൗരന്മാർക്ക് സ്വന്തമായി വിവരങ്ങൾ ഓൺലൈൻ പോർട്ടൽ വഴി നൽകാനുള്ള സൗകര്യവും ഡിജിറ്റൽ സെൻസസിലുണ്ട്.
സെൻസസ് ഉദ്യോഗസ്ഥർ വീട്ടിലെത്തുന്നത് വരെ കാത്തുനിൽക്കേണ്ടന്നതും, നമ്മുടെ സൗകര്യത്തിന് രജിസ്ട്രേഷൻ നടത്താനും സാധിക്കും. സ്മാർട്ട്ഫോണും ഇന്റർനെറ്റും ഉള്ള ഏതൊരു ഇന്ത്യൻ പൗരനും വളരെ ലളിതമായ പ്രക്രിയയിലൂടെ വിവരങ്ങൾ നൽകാം. സെൽഫ് എന്യൂമറേഷൻ (സ്വയം രജിസ്ട്രേഷൻ) പോർട്ടൽ വഴി ലളിതമായ ഘട്ടങ്ങളിലൂടെ ഈ പ്രക്രിയ എങ്ങനെ പൂർത്തിയാക്കാമെന്ന് മനസിലാക്കാം.
കർണാടക, ലക്ഷദ്വീപ്, ഡൽഹി, ഒഡീഷ, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമാണ് ആദ്യഘട്ടത്തിലുള്ളത്. കേരളത്തിൽ ഡിജിറ്റൽ സെൻസസ് 2027 ജൂൺ 16 മുതൽ ജൂൺ 30 വരെയാണ് നടക്കുന്നത്.
രാജ്യത്തെ മുഴുവൻ ജനസംഖ്യയുടെയും കണക്കെടുപ്പാണിത്. ഇതിൽ ജനസംഖ്യ, സാമൂഹിക, സാമ്പത്തിക വിവരങ്ങൾ ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള രജിസ്ട്രാർ ജനറൽ ആൻഡ് സെൻസസ് കമ്മീഷണറുടെ ഓഫീസിന്റെ നേതൃത്വത്തിലാണ് സെൻസസ് സംഘടിപ്പിക്കുന്നത്. ഓരോ പത്ത് വർഷത്തിലാണ് ഇന്ത്യയിൽ സെൻസസ് നടക്കുന്നത്. കൊവിഡ് 19 പശ്ചാത്തലത്തിൽ 2021 ൽ സെൻസസ് നടത്തിയിരുന്നില്ല.
രണ്ട് ഘട്ടങ്ങളായാണ് സെൻസസ് നടത്തുന്നത്. ജനസംഖ്യാ കണക്കെടുപ്പ്, വീടുകളുടെ പട്ടിക തയ്യാറാക്കലും കണക്കെടുപ്പും എന്നിവയാണ് ഇതിലുള്ളത്.
Also Read: സുവർണ ജൂബിലി സർപ്രൈസ്! Apple App Store ൽ ഇനി മലയാള തിളക്കം
നിങ്ങളുടെ കൈയിൽ ഒരു മൊബൈൽ ഫോണും, ആവശ്യത്തിനുള്ള ഇന്റർനെറ്റുമുണ്ടെങ്കിൽ വിവരങ്ങൾ അപ്ലോഡ് ചെയ്യാനാകും. ഇതിനായി https://se.census.gov.in/ പോർട്ടലാണുള്ളത്.
ഇത് ഓരോ പത്ത് വർഷത്തിലും നടത്തി വരുന്ന സെൻസസ് പ്രക്രിയയാണ്. വ്യക്തിഗത വിവരങ്ങൾ അതീവ രഹസ്യമായി സംരക്ഷിക്കുമെന്ന ഉറപ്പ് കേന്ദ്ര സർക്കാർ നൽകുന്നു.