സൗജന്യങ്ങളിൽ നിന്ന് വിലക്കയറ്റത്തിലേക്ക്; ഇന്ത്യയെ ഡിജിറ്റലാക്കിയ Reliance Jio യ്ക്ക് 10 വയസ്സ്!

സൗജന്യങ്ങളിൽ നിന്ന് വിലക്കയറ്റത്തിലേക്ക്; ഇന്ത്യയെ ഡിജിറ്റലാക്കിയ Reliance Jio യ്ക്ക് 10 വയസ്സ്!

ഇന്ത്യൻ ടെലികോം ചരിത്രത്തെ Reliance Jio യ്ക്ക് മുമ്പും ജിയോയ്ക്ക് ശേഷവും എന്ന് രണ്ടായി തിരിക്കാം. കാരണം ഇന്ത്യയെ സ്പീഡാക്കിയതിലും അതിവേഗ ആശയവിനിമയത്തിലേക്ക് മാറ്റിയതിലും ജിയോയാണ് പങ്കുവഹിച്ചത്. സൗജന്യ 4G ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളുകളുമായാണ് ജിയോ ടെലികോം വിപണിയിലേക്ക് പ്രവേശിച്ചത്. അതുവരെ ചെറിയ തുകയ്ക്ക് റീചാർജ് ചെയ്ത്, മിനിറ്റ് കണക്കാക്കി ടോൾടൈം വിനിയോഗിച്ചവർക്ക് അൺലിമിറ്റഡ് വോയിസ് കോളിങ് ഒരു മികച്ച ഓഫറായിരുന്നു. ഏറ്റവും കൂടുതൽ ഡാറ്റ ഉപയോഗിക്കുന്ന രാജ്യമായി ഇന്ത്യയെ മാറ്റിയ ഡിജിറ്റൽ വിപ്ലവത്തിലേക്ക് നയിച്ചതും മുകേഷ് അംബാനിയുടെ ജിയോ തന്നെയാണ്. ജിയോയുടെ വരവോടെ അന്ന് നിലവിലുണ്ടായിരുന്ന എയർടെൽ, ഐഡിയ, വോഡഫോൺ കമ്പനികൾക്ക് നിരക്കുകൾ കുത്തനെ കുറയ്‌ക്കേണ്ടതായോ, വിപണിയിൽ നിന്ന് പിന്മാറേണ്ടതായോ വന്നു.

Digit.in Survey
✅ Thank you for completing the survey!

എന്നാൽ 10 വർഷങ്ങൾ കടക്കുമ്പോൾ തുടക്കത്തിലെ ആവേശകരമായ സൗജന്യങ്ങളിൽ നിന്ന് മാറി, ജിയോ ഇപ്പോൾ സാധാരണക്കാരന് താങ്ങാനാവാത്ത പ്ലാനുകളിലേക്ക് മാറുകയാണ്. വിപണിയിൽ കുത്തക ഉറപ്പിച്ച ശേഷമുള്ള ഈ ചുവടുമാറ്റം തുടർച്ചയായ നിരക്ക് വർധനയിലൂടെയാണ് സംഭവിച്ചത്. സൗജന്യങ്ങളുടെ തുടക്കത്തിൽ നിന്ന് ഇന്നത്തെ നിരക്ക് വർധനയിലേക്കുള്ള ജിയോയുടെ 10 വർഷങ്ങളുടെ ചരിത്രം നോക്കാം.

Reliance Jio: വിപ്ലവം കുറിച്ച ഫ്രീ ഓഫറുകൾ

2016 ലാണ് മുകേഷ് അംബാനി ജിയോ അവതരിപ്പിച്ചത്. ജിയോ സിമ്മെടുക്കുന്നവർക്ക് ആറ് മാസത്തേക്ക് സൗജന്യമായി 4G ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളുകളും നൽകിയാണ് ആരംഭം. ഇന്ത്യക്കാർക്ക് ശരിക്കും അവിശ്വസനീയമായ ഓഫറായിരുന്നു ഇത്. 4ജി സ്പീഡിൽ ഡാറ്റയും അൺലിമിറ്റഡ് ഇന്റർനെറ്റും അൺലിമിറ്റഡ് ലോക്കൽ കോളിങ്ങും ജിയോ ഓഫർ ചെയ്തു. സിനിമകൾ ഡൌൺലോഡ് ചെയ്യാനും തുടർച്ചയായി ഡിജിറ്റലിൽ തുടരാനും ടെലികോം വരിക്കാർക്ക് ലഭിച്ച ഓഫറായിരുന്നു. ഇന്ത്യൻ യുവാക്കൾ ജിയോ സിമ്മിലേക്ക് ഇങ്ങനെ കൂടുതൽ ആകർഷിക്കപ്പെട്ടു.

ആദ്യ മാസത്തിൽ തന്നെ 16 മില്യൺ വരിക്കാരെ ചേർക്കാൻ മുകേഷ് അംബാനിയ്ക്ക് സാധിച്ചു. വെറും 83 ദിവസങ്ങൾക്കുള്ളിൽ 5 കോടി വരിക്കാരെ മറികടന്ന് ടെലികോം വിപ്ലവത്തിന് തുടക്കം കുറിച്ചു.

അൺലിമിറ്റഡ് ഓഫർ; മാറിയ ഇന്ത്യൻ ശീലങ്ങൾ

വീഡിയോ, സോഷ്യൽ മീഡിയ, വെബ് ബ്രൗസിംഗ് തുടങ്ങിയവ തുടരെ ഉപയോഗിക്കാൻ ജിയോയുടെ ഫ്രീ ഡാറ്റ ഓഫറുകൾ സഹായിച്ചു. യൂട്യൂബ് പോലുള്ള നവമാധ്യമങ്ങളുടെ പ്രചാരത്തിനും ഇത് കാരണമായി. വോയ്സ് കോളുകൾ സാധാരണമായതോടെ SMS, പരമ്പരാഗത കോളുകളുടെ പ്രാധാന്യം പരിമിതമായി. ജിയോയുടെ വിലനയം മറ്റു ടെലികോം കമ്പനികളും നിരക്കുകൾ കുറയ്ക്കാനും, 4G കണക്റ്റിവിറ്റി ആരംഭിക്കാനും പ്രേരിപ്പിച്ചു.

ജിയോ ഒരു ടെലികോമായി ആരംഭിക്കുന്നതിന് പകരം, ഇന്ത്യയിൽ ഇന്റർനെറ്റ് ഉപയോഗിക്കുക എന്നതിനേക്കാൾ എപ്പോഴും ഓൺലൈനായി ഇരിക്കുക എന്ന ശീലത്തിലേക്ക് മാറി.

യുപിഐയും ഒടിടിയും; ഡിജിറ്റൽ ഇന്ത്യയുടെ വളർച്ച

യൂട്യൂബിനൊപ്പം OTT പ്ലാറ്റ്‌ഫോമുകൾ, Instagram Reels വളർച്ചയിലേക്കുംജിയോയുടെ ഇന്റർനെറ്റ് ഓഫർ വഴി നയിച്ചു. കൂടുതൽ ആളുകൾ സ്മാർട്ട്‌ഫോണിലേക്ക് തിരിഞ്ഞപ്പോൾ ബാങ്കിംഗ്, UPI, ഷോപ്പിംഗ്, ടിക്കറ്റിംഗ് തുടങ്ങിയ ഓൺലൈൻ സേവനങ്ങളും ജീവിതത്തിന്റെ ഭാഗമായി മാറി. മലയാളം ഉൾപ്പെടെയുള്ള ഇന്ത്യൻ ഭാഷകളിലുള്ള വീഡിയോ ക്രിയേഷന്റെ ആരംഭവും ജിയോയുടെ വിപ്ലവകരമായ ഓഫറുകളുടെ ഫലമാണ്.

Reliance Jio 5G വിപ്ലവം

4G-ക്ക് ശേഷം ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ 5G നെറ്റ്‌വർക്ക് വ്യാപിപ്പിച്ചതും റിലയൻസ് ജിയോ തന്നെയാണ്. 5ജി കൂടി വന്നതോടെ ജീവിതശൈലിയ്ക്ക് തന്നെ വേഗം കൈവരിച്ചെന്ന് പറയാം. ഓൺലൈൻ ഷോപ്പിങ്, ഗെയിമിങ്, വീഡിയോ സ്ട്രീമിങ് എന്നിവയ്ക്കെല്ലാം 5ജി അൺലിമിറ്റഡ് സഹായകമായി.

reliance jio
AI generated image

ആധിപത്യവും വിലക്കയറ്റവും

ജിയോയുടെ വരവ് ചില ടെലികോം കമ്പനികൾ വിപണിയിൽ നിന്ന് പിന്മാറുന്നതിന് വഴി വച്ചു. മറ്റ് ചില ടെലികോം കമ്പനികൾ തമ്മിൽ ലയിക്കാനും കാരണമായി. ഇതോടെ ഇന്ത്യയുടെ ടെലികോം വിപണി ജിയോ, എയർടെൽ, ബിഎസ്എൻഎൽ എന്നിവയിലേക്ക് ചുരുങ്ങി. അതിൽ തന്നെ ജിയോ ആധിപത്യം സ്ഥാപിച്ചു.

Also Read: Sree Krishna Jayanthi Prompts: AI വഴി ശ്രീകൃഷ്ണ ജയന്തി ചിത്രങ്ങൾ ക്രിയേറ്റ് ചെയ്യാം

ഇന്ന് മൊബൈൽ ഡാറ്റ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ആവശ്യമായി മാറിക്കഴിഞ്ഞു. ആശയവിനിമയം, ജോലി, പഠനം, ബാങ്കിംഗ്, വിനോദം എന്നിവയ്ക്കെല്ലാം ഇത് കാരണമായി.

2024 ജൂലൈ 3 മുതൽ ജിയോ 19 പ്ലാനുകളുടെ നിരക്ക് ഏകദേശം 13% മുതൽ 27% വരെ വർധിപ്പിച്ചു. എന്നുവച്ചാൽ 155 രൂപയിൽ 180 രൂപയ്ക്ക് മുകളിൽ വരെ ജിയോയുടെ റീചാർജ് പ്ലാനുകളുടെ വില ഉയർന്നു. ജിയോയ്ക്കൊപ്പം എയർടെൽ, വിഐ കമ്പനികളും താരിഫ് വില ഉയർത്തി. 5G നെറ്റ്‌വർക്ക് വന്നത് ഒരു അനുഗ്രഹമാകുമ്പോഴും അതും പരോക്ഷമായി വിലക്കയറ്റിലേക്ക് നയിച്ചു. കാരണം 5G നെറ്റ്‌വർക്ക് വികസനത്തിനായി നടത്തിയ വലിയ നിക്ഷേപങ്ങളിൽ നിന്ന് വരുമാനം കണ്ടെത്താൻ ടെലികോമുകൾക്ക് പതിയെ പതിയെ താരിഫ് നിരക്ക് വർധിപ്പിക്കേണ്ടി വന്നു.

Reliance Jio ഇനിയെങ്ങോട്ട്?

2026 ന് ശേഷവും ഡിജിറ്റൽ ഇന്ത്യയുടെ വളർച്ചയിൽ ജിയോ പ്രധാനിയായേക്കും. ജിയോയുടെ അടുത്ത വലിയ അവസരം AI ആയിരിക്കാൻ സാധ്യതയുണ്ട്. JioFiber/AirFiber പോലുള്ള സേവനങ്ങളിലൂടെ ബ്രോഡ്ബാൻഡ് മേഖലയിലും ജിയോ സാന്നിധ്യമറിയിക്കുന്നു. ഇലോൺ മസ്കിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് പോലെ ജിയോയും സമീപഭാവിയിൽ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം ഇന്ത്യയിലെത്തിച്ചേക്കും.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile