eSIM vs Physical SIM
eSIM vs Physical SIM: കാലം മാറിയപ്പോഴേക്കും സിം കാർഡുകളെ മറികടന്ന് ഇ സിം എത്തിയിരിക്കുന്നു. ഫിസിക്കൽ സിമ്മിന്റെ ആവശ്യമില്ലെന്നതും താരതമ്യേന സുരക്ഷിതത്വം കൂടുതൽ ലഭിക്കുമെന്നതും ഇ സിമ്മിന്റെ പ്രത്യേകതകളാണ്. ആധുനിക സൌകര്യങ്ങൾ കൂടുതലായിരുന്നിട്ടും ഫിസിക്കൽ സിമ്മുകൾക്കാണ് ജനപ്രിയത കൂടുതൽ. ഇ സിം സപ്പോർട്ട് ചെയ്യുന്ന ഫോൺ എല്ലാവരുടെ പക്കലുമില്ല എന്നതാണോ ഇതിന് കാരണം?
ഫിസിക്കൽ സിം കാർഡ്, ഫോണിൽ ഇൻസേർട്ട് ചെയ്യുന്ന പ്ലാസ്റ്റിക് കാർഡാണ്. ഇത് നീക്കം ചെയ്ത് മറ്റൊരു ഫോണിൽ പ്രവർത്തിപ്പിക്കാം. ഇ സിം എന്നാൽ എംബഡഡ് സിം ആണ്. മദർബോർഡിൽ സ്ഥിരമായി ഘടിപ്പിച്ചിട്ടുള്ള ഒരു വെർച്വൽ സിമ്മാണ് ഇ സിം. ഒരു ഫോണിൽ നിന്ന് മറ്റൊരു ഫോണിലേക്ക് മാറുമ്പോഴുള്ള സൌകര്യവും രണ്ട് സിമ്മുകളും തമ്മിൽ വ്യത്യാസമുണ്ട്.
നിലവിൽ കൂടുതൽ ജനപ്രിയവും വ്യാപകമായി ഉപയോഗിക്കുന്നതും ഫിസിക്കൽ സിമ്മുകളാണ്. eSIM-കൾ ഇപ്പോൾ പ്രചാരം നേടി വരുന്നതേയുള്ളൂ. പക്ഷേ പഴയ സ്മാർട്ഫോണുകളിൽ ഇത് സപ്പോർട്ട് ചെയ്യുന്നില്ല. അതുപോലെ ചില നെറ്റ്‌വർക്ക് ഓപ്പറേറ്റർമാർ ഇനിയും ഇ സിം സപ്പോർട്ട് ചെയ്യാനുണ്ട്. ബിഎസ്എൻഎൽ തമിഴ്നാട്ടിൽ മാത്രമാണ് ഇ സിം പിന്തുണ ലഭ്യമാക്കി തുടങ്ങിയത്.
എംബഡഡ് സിം കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവും പരിസ്ഥിതി സൗഹൃദപരവുമായ ഓപ്ഷനാണ്. എങ്കിലും 2030 ആകുമ്പോഴേക്കും കൂടുതൽ പ്രചാരമായേക്കും. ഫിസിക്കൽ സിം മാറ്റാതെ തന്നെ മൊബൈൽ നെറ്റ് വർക്ക് എളുപ്പമാക്കാൻ ഇ സിമ്മിലൂടെ സാധിക്കും. ഒരേ ഫോണിൽ ഒന്നിലധികം നെറ്റ് വർക്ക് പ്രൊഫൈലുകൾ സൂക്ഷിക്കാനാകും. അതിനാൽ ഡ്യുവൽ സിം പോലുള്ള പരിമിതികൾ ഇതിലില്ല. മറ്റാരെങ്കിലും നമ്മുടെ ഫോൺ കൈവശമാക്കിയാൽ സിം കാർഡ് ഊരിയെടുത്ത് ദുരുപയോഗം ചെയ്യുന്നത് സാധ്യമല്ല. ഫോണിൽ സിം ട്രേയ്ക്കായി പോർട്ട് വേണമെന്നുമില്ല. എങ്കിലും ഒരു ഫോണിൽ നിന്ന് മറ്റൊരു ഫോണിലേക്ക് നമ്പർ മാറ്റുന്നതിൽ ഫിസിക്കൽ സിം പോലെ അത്ര എളുപ്പമല്ല ഇ സിം.
ഇ-സിമ്മുകളിലേക്കുള്ള മാറ്റത്തിന് സമയമെടുക്കും. പ്രത്യേകിച്ച് ബജറ്റ് ഫോണുകളിലും, പഴയ ഫോണുകളിലും ഫിസിക്കൽ സിമ്മുകളാണ് സപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയിൽ ബജറ്റ് സ്മാർട്ഫോൺ ഉപയോഗിക്കുന്നവരുടെ എണ്ണം അധികമാണ്. ഈ സാഹചര്യത്തിൽ ഇ സിമ്മിനേക്കാൾ ആളുകൾ സാധാരണ സിം കാർഡ് ഉപയോഗിക്കുന്നത് പ്രസക്തമായി തുടരുന്നു. ടെക്നോളജിയിലേക്കുള്ള വലിയ അപ്ഗ്രേഡ് എല്ലാ തലത്തിലേക്കും പെട്ടെന്ന് മാറുമെന്ന് പറയാനാകില്ല.
വരിക്കാർക്ക് ഫിസിക്കൽ സിം കാർഡ് ഊരിമാറ്റി പുതിയ ഫോണിലേക്ക് ഇടുന്നത് എളുപ്പത്തിൽ നടത്താം. ഇതിന് മറ്റൊരാളുടെയോ ടെക്നീഷ്യന്റെയോ ആവശ്യം വരുന്നില്ല. എന്നുവച്ചാൽ മദർബോർഡിൽ രജിസ്റ്റർ ചെയ്യുന്ന eSIM ഇൻസ്റ്റാൾ ചെയ്യുന്നതിനേക്കാൾ വളരെ ലളിതമായ പ്രക്രിയയാണിത്.
ഇന്ത്യയിലെ നിലവിലുള്ള നെറ്റ്‌വർക്ക് ഓപ്പറേറ്റർമാർ കൂടുതലും ഫിസിക്കഷ സിം കാർഡുകൾക്കാണ് ഊന്നൽ നൽകുന്നത്. ഇനിയും പല ടെലികോം കമ്പനികളും രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കും ഇ സിം സേവനം എത്തിക്കാനുണ്ട്. ഇതിന് പുറമെ ചില വരിക്കാർ ഒരു സിം കാർഡിന്റെ ഭൗതികമായ ഉപയോഗമാണ് ഇഷ്ടപ്പെടുന്നത്. എന്നുവച്ചാൽ ഫോൺ ഒരുപക്ഷേ കേടായാലോ അല്ലെങ്കിൽ അത് ഉപയോഗിക്കാതിരിക്കാൻ താൽപ്പര്യമില്ലെങ്കിലോ സിം കാർഡ് നീക്കം ചെയ്ത് മാറ്റി വയ്ക്കാം. എന്നാൽ ഇ സിമ്മിന് ഇങ്ങനെയൊരു ഓപ്ഷനില്ല.
എങ്കിലും ദുരുപയോഗം തടയുന്നതിൽ ഇ സിമ്മുകളാണ് കേമന്മാർ. രണ്ട് സിമ്മുകളും ഹാക്കർ പ്രൂഫാണെന്ന് പറയാനാകില്ല. എങ്കിലും ഫിസിക്കൽ സിമ്മുകളേക്കാൾ വിട്ടുവീഴ്ച ചെയ്യാൻ ബുദ്ധിമുട്ടുള്ള ശക്തമായ സുരക്ഷാ നടപടികൾ eSIM-കളിൽ ഉപയോഗിച്ചിട്ടുണ്ട്. മാൽവെയർ, ഫിഷിങ് പോലുള്ളവയ്ക്ക് ഇ സിമ്മും ഇരയായേക്കും. ട്രാക്കിങ് പോലുള്ള സംവിധാനങ്ങൾ സിം അടിസ്ഥാനമാക്കിയല്ല, പകരം ഫോണിന്റെ IMEI നമ്പർ ട്രാക്ക് ചെയ്യുകയാണെന്നത് ശ്രദ്ധിക്കുക.
എന്തായാലും സർക്കാർ ഇ സിം ഉപയോഗിക്കുന്നതിനായി കൂടുതൽ നടപടി സ്വീകരിച്ചേക്കും. ഓരോരുത്തരുടെയും ആവശ്യവും ഉപയോഗിക്കുന്ന ഫോണും അനുസരിച്ച് ഏത് സിം വേണമെന്ന് തീരുമാനിക്കാം. രണ്ടിലധികം സിം സേവനം ഒരു ഫോണിൽ വേണമെന്നുള്ളവർക്ക് ഇ സിം നല്ല ഓപ്ഷനാണ്.
Also Read: Oppo Find X8 Pro: 50MP ക്വാഡ് ക്യാമറ, 5910mAh ബാറ്ററി സൂപ്പർ ക്യാമറ ഫോൺ 25000 രൂപ ഡിസ്കൗണ്ടിൽ