monsoon tips know how to keep smartphone
Monsoon Tips: അങ്ങനെ മഴക്കാലം ആരംഭിച്ചു. രോഗങ്ങളിൽ നിന്ന് നമ്മൾ ആരോഗ്യം സംരക്ഷിക്കുന്നതിനൊപ്പം കൂടെ കൂട്ടുന്ന ഫോണിലും കുറച്ച് ശ്രദ്ധ നൽകണം. മഴക്കാലത്ത് നിങ്ങളുടെ മൊബൈൽ ഫോൺ സുരക്ഷിതമായി സൂക്ഷിക്കുന്നതിൽ പലരും അശ്രദ്ധ കാണിക്കാറുണ്ട്.
മൺസൂൺ കാലത്ത് പുറത്ത് പോകുമ്പോഴും മറ്റും ഫോൺ കേടുപാട് സംഭവിക്കാതിരിക്കാൻ തയ്യാറായിരിക്കണം. ഇതിനായി നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
വാട്ടർപ്രൂഫ് മൊബൈൽ കവറുകൾ: മികച്ച ഡ്യൂറബിലിറ്റിയുല്ള വാട്ടർപ്രൂഫ് മൊബൈൽ പൗച്ച് ഉപയോഗിക്കാം. IPX8 വാട്ടർപ്രൂഫ് കേസുകൾ ഓൺലൈനിലും ലഭ്യമാണ്. സിലിക്കോണിൽ നിർമിച്ച ഹൈ-ക്വാളിറ്റി മൊബൈൽ കേസുകൾ തന്നെ ഇതിനായി പരിഗണിക്കാം. ഫോണുകളുടെ ക്യാമറയെയും മറ്റും വീഴ്ചകളിൽ നിന്ന് സംരക്ഷിക്കാനും ഇത് സഹായിക്കും.
സിപ്‌ലോക്ക് പൗച്ച്: സിലിക്ക ജെൽ പാക്കറ്റുകളുള്ള സിബ് പൗച്ചുകളും തെരഞ്ഞെടുക്കാം. നിങ്ങളുടെ ഫോൺ സുരക്ഷിതമായി സൂക്ഷിക്കാൻ ഇങ്ങനെയുള്ള സിപ്‌ലോക്ക് പൗച്ചുകളിലൂടെ സാധിക്കും. മഴയത്ത് യാത്ര ചെയ്യുന്നവർ കൂടെ കൂട്ടാവുന്ന പ്രൊട്ടക്ഷൻ കിറ്റുകളാണിവ. സിപ്‌ലോക്ക് പൗച്ചുകളും സിലിക്ക ജെൽ പാക്കറ്റുകളും സൂപ്പർമാർക്കറ്റുകളിൽ സുലഭമാണ്. ഇവ ഓൺലൈനായും ഓർഡർ ചെയ്ത് വാങ്ങാം.
സിലിക്ക ജെൽ പാക്കറ്റുകൾ ഫോൺ വയ്ക്കുന്ന ഇടത്തോ, ബാഗിലോ സൂക്ഷിച്ചാൽ ഇവയ്ക്ക് വെള്ളം ആഗിരണം ചെയ്യാനുള്ള ശേഷിയുണ്ട്.
വാട്ടർപ്രൂഫ് കേസോ സിപ്‌ലോക്ക് പൗച്ചോ കൊണ്ടുപോകാൻ മറക്കുന്നവർ അത് മഴ നനയാതെ നന്നായി സൂക്ഷിക്കുക. കഴിയുന്നത്ര സമയം ഫോൺ പോക്കറ്റിലോ ബാഗിലോ വയ്ക്കുന്നതാണ് നല്ലത്.
മഴക്കാലത്ത് പുറത്ത് പോകുന്നവർ കൈയിൽ ഒരു മൈക്രോഫൈബർ തുണി കരുതുന്നത് ഉത്തമമാണ്. ഫോണിൽ വെള്ളം കേറിയാലോ, നനഞ്ഞാലോ പോറലില്ലാതെ സ്ക്രീൻ തുടയ്ക്കാൻ ഇത് സഹായിക്കും.
ഉപയോഗത്തിലില്ലാത്ത ഫോണുകളും മറ്റ് ഇലക്ട്രിക് ഡിവൈസുകളും അൺപ്ലഗ് ചെയ്യുക. വൈദ്യുതി ബില്ല് ലാഭിക്കാനുള്ള ഉപാധി മാത്രമല്ല ഇത്. മഴക്കാലത്ത് പ്രത്യേകിച്ച് ഇടിമിന്നലുള്ള സമയത്ത് ഉപകരണങ്ങളിലും ശ്രദ്ധ നൽകണം.
ഇടിമിന്നലോ വൈദ്യുതിയിലെ ഏറ്റക്കുറച്ചിലുകളോ സംഭവിച്ചാൽ അവ ഷോക്കേറ്റാനുള്ള സാധ്യതയുണ്ടെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
നിങ്ങളുടെ ഫോൺ നനഞ്ഞാൽ അത് ഫീച്ചർ ഫോണാണെങ്കിൽ ബാറ്ററി പുറത്തെടുക്കുക. ഇത് ചാർജറിൽ പ്ലഗ് ചെയ്യരുത്.
ഏത് ഫോണാണെങ്കിലും അത് ഉണക്കാൻ ഹെയർ ഡ്രയർ ഉപയോഗിക്കരുത്. ഇവ ശരിയായി ഉണങ്ങുന്നത് വരെ സിലിക്ക ജെൽ പാക്കറ്റുകൾക്കൊപ്പം സിപ്‌ലോക്ക് പൗച്ചിൽ വയ്ക്കുന്നത് ഉചിതകമാകും. അതുപോലെ ഫോൺ ഒരു സർവീസ് സെന്ററിൽ കാണിക്കുന്നത് നല്ലതായിരിക്കും.
ഫോൺ പുറത്തെടുക്കാതെ നിങ്ങൾക്ക് കോളുകൾക്കായി ബ്ലൂടൂത്ത് ഹെഡ്‌ഫോണുകൾ ഉപയോഗിക്കാം. മിക്ക ഹെഡ്‌ഫോണുകളും പെട്ടെന്ന് കേടാകില്ല. മാത്രമല്ല സ്മാർട്ട്‌ഫോണിനേക്കാൾ ഇവയ്ക്ക് വില കുറവായതിനാൽ വലിയൊരു നാശനഷ്ടം ഒഴിവാക്കാമല്ലോ!