നവംബർ 1-ലെ ബുക്കിങ്ങിന് മുന്നേ സൊമാറ്റോ സിഇഒയുടെ Temple price വില പുറത്ത്!
Zomato സഹസ്ഥാപകൻ ദീപേന്ദർ ഗോയലിന്റെ ഏറ്റവും പുതിയ ബയോടെക് സംരംഭമായ Temple എന്ന ഹെൽത്ത് വെയറബിൾ ഡിവൈസിന്റെ പ്രീ ബുക്കിങ് നവംബർ 1 ന് ആരംഭിക്കുന്നു. പ്രീമിയം ബ്രെയിൻ-മോണിറ്ററിംഗ് ഡിവൈസിനായി ഇന്ത്യൻ വിപണി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ആദ്യഘട്ടത്തിൽ ബാച്ചുകളായി വിതരണം ചെയ്യുന്ന വെയറബിൾ ഡിവൈസിന്റെ വിലയെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. പ്രീ-ഓർഡറുകൾ ഔദ്യോഗികമായി ആരംഭിക്കുന്നതിന് മുമ്പേ ടെമ്പിൾ ഡിവൈസിന്റെ എർലി ബേർഡ് ആക്സസും ലഭിച്ചു തുടങ്ങിയിട്ടുണ്ട്. എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച ഒരു സ്ക്രീൻഷോട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. ഇതിനൊപ്പം ടെമ്പിൾ ഡിവൈസിന്റെ വിലയെ കുറിച്ചും ചില സൂചനകൾ സ്ക്രീൻഷോട്ടുകളിൽ സൂചിപ്പിച്ചിരിക്കുന്നു. ലോകത്തിലെ ഏറ്റവും ചെറിയതും കരുത്തുറ്റതുമായ ഈ ഹെൽത്ത് വെയറബിളിന്റെ പ്രത്യേകതയും പ്രീ ബുക്കിങ് വിവരങ്ങളും അറിയാം.
SurveyTemple Device: Features
സോമാറ്റോ സഹസ്ഥാപകനും ഇറ്റേണൽ മുൻ സിഇഒയുമായ ദീപീന്ദർ ഗോയൽ വികസിപ്പിച്ചെടുത്ത വെയറെബിൾ ഡിവൈസാണിത്. ചെവിക്കും കണ്ണിനും ഇടയിൽ ടെമ്പിൾ എന്ന ശരീരഭാഗത്താണ് ഇത് ധരിക്കുന്നത്. തലച്ചോറിലേക്കുള്ള രക്തയോട്ടവും ഓക്സിജന്റെ അളവും ടെമ്പിൾ ഡിവൈസിന് നിരീക്ഷിക്കാൻ സാധിക്കും.
ഹൃദയമിടിപ്പ്, ഉറക്കം എന്നിവ സാധാരണയായി സ്മാർട്ട് വാച്ചുകളിലൂടെ ട്രാക്ക് ചെയ്യാനാകും. എന്നാൽ തലച്ചോറിലെ രക്തപ്രവാഹവുമായി ബന്ധപ്പെട്ട മാറ്റങ്ങൾ അളക്കാൻ ടെമ്പിൾ ഒപ്റ്റിക്കൽ സെൻസറുകളിലൂടെ സാധിക്കും. ഈ സാങ്കേതികവിദ്യയെ കമ്പനി ബ്രെയിൻഫ്ലോ എന്നാണ് വിളിക്കുന്നത്.
ഇതിൽ ഒരൊറ്റ തവണ മാത്രം ഉപയോഗിക്കാവുന്ന ഗ്രിപ്പുകളുണ്ട്. ഈ ഗ്രിപ്പികൾ ചർമത്തിൽ ഒട്ടിപ്പിടിക്കുന്ന ടേപ്പുകളാണ്.ഓരോ ഗ്രിപ്പിനും ഏകദേശം 7 ദിവസം വരെ അതിന്റെ ഇലാസ്തികത നിലനിർത്താൻ കഴിയുമെങ്കിലും, വിയർക്കുമ്പോഴോ പൊടിപടലങ്ങൾ ഏൽക്കുമ്പോഴോ, 2 മുതൽ 3 ദിവസത്തിനുള്ളിൽ അവ മാറ്റണമെന്ന് കമ്പനി നിർദേശിക്കുന്നു.
ഓട്ടം, ചാട്ടം തുടങ്ങിയ ശാരീരിക പ്രവർത്തനങ്ങളിൽ വരെ ടെമ്പിൾ ഡിവൈസ് ഉപയോഗിക്കാനാകുമെന്നാണ് ഗോയൽ അറിയിച്ചത്. അതുപോലെ കുളിക്കുമ്പോഴോ നീന്തുമ്പോഴോ വരെ ധരിക്കാനാകും.
@temple is available for pre-orders through an early bird invite only purchase. Pricing starts at ₹85k. As I may NOT participate in this, curious to see how this goes. https://t.co/ySXXucCx1a
— Tharun M (@testedoktharun) October 23, 2026
Temple Device: Price in India
ട്രൂ ഗോൾഡ്, റോസ് ഗോൾഡ്, ബ്ലാക്ക് മിറർ, റിയൽ ജേഡ്, ഡീപ് ബ്ലൂ, പർപ്പിൾ ഫങ്ക് എന്നിങ്ങനെ 6 നിറങ്ങളിൽ ടെമ്പിൾ പുറത്തിറങ്ങും. റിയൽ ജേഡ്, ഡീപ് ബ്ലൂ, പർപ്പിൾ ഫങ്ക് എന്നീ കളർ വേരിയന്റുകളാണ് ലിമിറ്റഡ് എഡിഷൻ ഓപ്ഷനുകളിൽ ഉൾപ്പെടുന്നത്.
തരുൺ എം എക്സിൽ പങ്കുവെച്ച ഇമെയിലിൽ ആദ്യ ബാച്ചിലുള്ള ടെമ്പിൾ ഡിവൈസിന് 85,000 രൂപയാകുമെന്നാണ് പറയുന്നത്. ഇതിൽ ലൈഫ്ടൈം സബ്സ്ക്രിപ്ഷനും ഉൾപ്പെടുന്നു.
പ്രീ ബുക്കിങ്
ആദ്യ ബാച്ചിനായുള്ള പ്രീ-ഓർഡറുകൾ 2026 നവംബർ 1-ന് ആരംഭിക്കും. പൊതുജനങ്ങൾക്ക് ലഭ്യമാകുന്നതിന് മുൻപായി, തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് ടെമ്പിൾ ആപ്പ് വഴി ഓർഡർ ചെയ്യാനാകും. ആദ്യ ബാച്ചിൽ പരിമിതമായ എണ്ണം യൂണിറ്റുകൾ മാത്രമാണുള്ളത്. ഓരോ യൂണിറ്റും ഓർഡർ ലഭിച്ച ശേഷം നിർമിച്ച് വിൽപ്പന നടത്തുമെന്നാണ് വിവരം.
മെയിൽ ലഭിച്ച ഉപയോക്താക്കൾ ടെമ്പിൾ ആപ്പ് ഡൗൺലോഡ് ചെയ്യാനും, തങ്ങൾക്ക് സന്ദേശം ലഭിച്ച ഇമെയിൽ വിവരങ്ങളിലൂട സൈൻ ഇൻ ചെയ്യാനും നിർദേശിച്ചിട്ടുണ്ട്. ഇതിലൂടെ അവർക്ക് മുൻകൂട്ടി ടെമ്പിൾ ഡിവൈസ് ആക്സസ് ചെയ്യാം.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
